ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനം. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്താനാണ് തീരുമാനം.
തുടർച്ചയായ മഴയെ തുടർന്ന് മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ട്. ഇലാഹിയ നഗർ, കൊച്ചങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീടുകളും പരിസരവും ശുചീകരിച്ച് താമസത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെയായിരുന്നു വെള്ളം വീണ്ടും കയറിത്തുടങ്ങിയത്.
മഴയെ തുടർന്ന് ഗതാഗത മേഖലയിലും പ്രതിസന്ധി തുടരുകയാണ്. ചെറുതോണി–കട്ടപ്പന റോഡിലും വണ്ണപ്പുറം–ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കും നദീതീരവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ എന്നീ ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
