സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ . താൻ സത്കാര ചടങ്ങിൽ പങ്കെടുത്തതല്ലെന്നും സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിനെ അനാവശ്യമായി വിവാദമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊന്നാനിയിൽ എത്തിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഭക്ഷണം കഴിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്നും ചോദിച്ചു. “ഞാൻ സത്കാരത്തിന് പോയതല്ല. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചത് തെറ്റാണോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ,” മുഖ്യമന്ത്രി പറഞ്ഞു.
2018-ലും 2019-ലും സംസ്ഥാനം പ്രളയം നേരിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി പട്ടിണിയായിരുന്നോയെന്നും വി.ഡി. സതീശൻ ചോദിച്ചു. തനിക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിതവും ഹീനവുമായ അപവാദ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.
“പൊന്നാനിയിലെത്തിയ ശേഷം ഭക്ഷണം കഴിച്ചു. അതിൽ എന്താണ് ഔചിത്യക്കുറവ്? ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? ഞാൻ സത്കാരത്തിനല്ല പോയത്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
യാത്രയ്ക്കിടയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പോലും പാടില്ലെന്നാണ് ഇപ്പോഴാണ് മനസ്സിലാകുന്നത്,” എന്ന് പരിഹസിച്ചും അദ്ദേഹം പ്രതികരിച്ചു.
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിയെ പരാമർശിച്ച അദ്ദേഹം, സമാന സാഹചര്യങ്ങളിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി. “ഞാൻ ഭക്ഷണം കഴിച്ചതാണോ ഇപ്പോൾ വലിയ തെറ്റ്?” എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
