മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതിക്ക് തിരിച്ചടി. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലിൽ, നിലവിലെ മാതൃകയിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കേന്ദ്രം അറിയിച്ചു.
കേരളത്തിലെ റെയിൽവേ വികസനത്തിനായി മുൻകൂട്ടി നിശ്ചയിച്ച മറ്റ് പദ്ധതികൾ നിലവിലുണ്ടെന്നും സംസ്ഥാന സർക്കാർ മുമ്പ് മുന്നോട്ടുവച്ചിരുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽപാതയാണ് ഇ. ശ്രീധരൻ നിർദേശിച്ചിരുന്നത്. 23 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന പദ്ധതിയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ സർവീസ് നടത്താനായിരുന്നു ലക്ഷ്യം.
സംസ്ഥാനത്തിന്റെ വടക്ക്–തെക്ക് യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാക്കുകയും ചെയ്യുമെന്ന അവകാശവാദത്തോടെയാണ് പദ്ധതി അവതരിപ്പിക്കപ്പെട്ടത്. എന്നാൽ വിദഗ്ധ സമിതിയുടെ വിലയിരുത്തലിനെ തുടർന്ന് പദ്ധതി നിലവിലെ രൂപത്തിൽ മുന്നോട്ടുപോകാനുള്ള സാധ്യതകൾ മങ്ങുകയാണ്.
