സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. ഈ പദവി തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് യാതൊരുവിധ ചുമതലകളും ഏറ്റെടുക്കില്ലെന്ന കർശന നിലപാടിലാണ് സി.പി.ഐ. തങ്ങൾക്ക് മറ്റ് ചുമതലകൾ ആവശ്യമില്ലെന്ന കാര്യം സി.പി.ഐ നേതൃത്വം സി.പി.ഐ.എം മുന്നണി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
ഉപനേതൃസ്ഥാനം പ്രഖ്യാപിക്കാതെ ഇടതുമുന്നണിയുടെ സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലും സി.പി.ഐ ഉറച്ചുനിൽക്കുകയാണ്. തർക്കം പരിഹരിക്കാനാകാത്തതിനെ തുടർന്ന് എൽ.ഡി.എഫ് നിയമസഭാ കക്ഷിയോഗം ചേരാൻ പോലും സാധിക്കാത്ത വിധം മുന്നണിയിൽ അസാധാരണ പ്രതിസന്ധിയാണ് നിലവിലുള്ളത്. അതേസമയം, എൽ.ഡി.എഫ് നിയമസഭാ കക്ഷി ഉപനേതാവ് പദവിയുടെ കാര്യത്തിൽ നിലവിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുന്നത്. മുൻകാലങ്ങളിലും പലപ്പോഴും ഈ പദവി നിലവിലുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. ഉപനേതൃസ്ഥാനം എപ്പോൾ പ്രഖ്യാപിക്കുമെന്നതിന് പ്രത്യേക മുഹൂർത്തമൊന്നും കുറിച്ചിട്ടില്ല. എങ്കിലും ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കും. പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സി.പി.ഐക്കും സി.പി.ഐ.എമ്മിനുമുണ്ട്.”- ബിനോയ് വിശ്വം പറഞ്ഞു.
ബിനോയ് വിശ്വം പുറമേക്ക് അനുനയ ഭാഷയിലാണ് സംസാരിക്കുന്നതെങ്കിലും, നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഉപനേതാവ് പദവി തങ്ങൾക്ക് തന്നെ ലഭിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് സി.പി.ഐ അണികളും നേതൃത്വവും. വരും ദിവസങ്ങളിൽ ഇരുപാർട്ടികളുടെയും ഉന്നത നേതാക്കൾ പങ്കെടുക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ ഈ വിഷയത്തിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്നാണ് സൂചന.
