പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന മാരകമായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 50-ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പാക് സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും വഹിച്ചിരുന്ന ട്രെയിനിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
ഞായറാഴ്ച പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലാണ് സംഭവം. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പുറപ്പെട്ട ട്രെയിനാണ് ആക്രമിക്കപ്പെട്ടത്. ബക്രീദ് അവധിക്കായി യാത്ര ചെയ്തിരുന്ന സൈനികരും കുടുംബാംഗങ്ങളുമാണ് ട്രെയിനിലുണ്ടായിരുന്നത്.
ക്വറ്റയിലെ ചാമൻ പട്ടാക്ക് സമീപം സിഗ്നൽ കടക്കുന്നതിനിടയിൽ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ട്രെയിനിന്റെ ഒരു കോച്ചിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി കോച്ചുകൾ പാളം തെറ്റുകയും ഒരു കോച്ച് മറിഞ്ഞുവീഴുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് വ്യാപക രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. രക്തത്തിൽ മൂടപ്പെട്ട നിലയിൽ ഇരകളെ സ്ട്രെച്ചറുകളിൽ മാറ്റുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു.
സുരക്ഷാസേന പ്രദേശം നിയന്ത്രണത്തിലാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രകൃതിവിഭവസമൃദ്ധമായിട്ടും വികസനത്തിൽ പിന്നോക്കം നിൽക്കുന്ന ബലൂചിസ്ഥാൻ പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നതായി സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാക് സർക്കാർ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതായി ബലൂച് വിഘടനവാദ ഗ്രൂപ്പുകൾ ദീർഘകാലമായി ആരോപിച്ച് വരികയാണ്.
