കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. നിലവിലെ മുഖ്യമന്ത്രി Siddaramaiahയെ മാറ്റി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിക്കുന്നുവെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
ഇതിനായി ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വതലത്തിൽ നീണ്ട ചർച്ചകൾ നടക്കുന്നതായാണ് വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ , രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്കുള്ളിലെ ആഭ്യന്തര അഭിപ്രായഭിന്നതകൾ നിയന്ത്രിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രിയങ്കാ ഗാന്ധി ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ നിർണായക തീരുമാനം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സ്വാഭാവികമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. “മികച്ച ദിവസങ്ങൾ വരാനിരിക്കുകയാണ്” എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.
2028ഓടെ സിദ്ധരാമയ്യയ്ക്ക് 80 വയസ് തികയുമെന്നതും, സർക്കാരിനെതിരായ ജനവികാരം വർധിക്കുന്നുവെന്ന വിലയിരുത്തലും ഹൈക്കമാൻഡിനെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളായാണ് കാണപ്പെടുന്നത്. പിന്നോക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്ന വോട്ടുബാങ്കിൽ സിദ്ധരാമയ്യയ്ക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകുകയും, മകനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുകയും ചെയ്യുന്ന ഫോർമുലയും ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വൊക്കലിംഗ സമുദായത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഡി.കെ. ശിവകുമാർ. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത് ജെഡിഎസിന്റെയും ബിജെപിയുടെയും പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
നിലവിൽ കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയും എന്ന രണ്ട് നിർണായക പദവികൾ കൈകാര്യം ചെയ്യുന്ന ഡി.കെ. ശിവകുമാറിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ പ്രതിപക്ഷത്തിന് ആയുധമാകാനുള്ള സാധ്യതയും പാർട്ടി ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെന്നാണ് സൂചന.
