കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് വിവാദത്തിൽ നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ. ഹിജാബ്, ജനിവാരം, തലപ്പാവ് ഉൾപ്പെടെയുള്ള മതപരവും പരമ്പരാഗതവുമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ 2022ൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് അന്തിമരൂപം നൽകുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, വിദ്യാർത്ഥികൾക്ക് യൂണിഫോമിനൊപ്പം ഹിജാബ് , തലപ്പാവ്, രുദ്രാക്ഷം, ശിവധാര, സ്കാർഫ് തുടങ്ങിയവ ധരിച്ച് ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കം നിലനിർത്തുന്നതിനൊപ്പം വിദ്യാർത്ഥികളുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളെ ബഹുമാനിക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
കുട്ടികളുടെ ക്ഷേമം മുൻനിർത്തിയാണ് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഏപ്രിൽ 24ന് പരീക്ഷാഹാളിൽ ഒരു വിദ്യാർത്ഥിയുടെ ജനിവാരം ബലമായി നീക്കം ചെയ്ത സംഭവത്തെ തുടർന്ന് വിഷയം വീണ്ടും ചർച്ചയായതായും അദ്ദേഹം വ്യക്തമാക്കി.
“മതപരവും പരമ്പരാഗതവുമായ ആചാരങ്ങളുടെ പേരിൽ കുട്ടികൾ അസൗകര്യം നേരിടരുത്. അതിനാലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരുന്നത്,” മന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തിയ ചില മുസ്ലിം വിദ്യാർത്ഥികളെ ചൊല്ലി വിവാദം ഉയർന്നതിനെ തുടർന്ന് അന്നത്തെ ബിജെപി സർക്കാർ യൂണിഫോം നിർബന്ധമാക്കിയിരുന്നു. തുടർന്ന് സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവെക്കുകയും ഹിജാബ് ഇസ്ലാമിലെ നിർബന്ധിത മതാചാരമല്ലെന്ന നിരീക്ഷണവും നടത്തുകയും ചെയ്തിരുന്നു.
