കേന്ദ്രസർക്കാർ പൂർണ പരാജയം; വിലക്കയറ്റത്തിൽ മോദി സർക്കാരിനെതിരെ പിണറായി വിജയൻ

രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ആഗോള യുദ്ധസാഹചര്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെങ്കിലും, അതിൽ ഫലപ്രദമായി ഇടപെടുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

ഡീസലിന്റെയും പെട്രോളിന്റെയും വില രാജ്യത്ത് തുടർച്ചയായി ഉയരുകയാണെന്നും, സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. “മോദി സർക്കാർ രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ എല്ലാ മേഖലയിലും പൂർണ പരാജയമാണ്,” എന്നും അദ്ദേഹം വിമർശിച്ചു.

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പലരും രാഷ്ട്രീയമായി ആഘോഷിക്കുകയാണെന്നും, എന്നാൽ പരാജയം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “മുൻപ് എ.കെ. ആന്റണി അധികാരത്തിലെത്തിയ സമയത്തും ഇനി ഇടതുപക്ഷം ജയിക്കില്ലെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞു,” എന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ജനങ്ങൾ എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ മാറ്റിനിർത്തിയതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്തിന് ഗുണകരമായ സർക്കാർ നടപടികൾക്ക് പ്രതിപക്ഷമായി പിന്തുണ നൽകുമെന്നും, ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക