ഉത്തരേന്ത്യ പോലെ രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളെയും ആർ എസ് എസ് ആധിപത്യത്തിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് എം എ ബേബി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം മണ്ഡലത്തിൽ നടന്ന സിപിഐഎം സ്ഥാനാർഥി ആർ. ചെല്ലസ്വാമിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനർനിർണയ ബില്ലിനെ വനിതാ സംവരണമായി തെറ്റിദ്ധരിപ്പിച്ച് പാർലമെന്റിൽ പാസാക്കാൻ ശ്രമിച്ചുവെന്നും, അതിനെ പരാജയപ്പെടുത്തിയത് പോലെ തന്നെ വീണ്ടും ചെറുക്കുമെന്നും ബേബി വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ വഴങ്ങാത്ത സംസ്ഥാനങ്ങൾ രാജ്യത്തുണ്ടെന്നും, തമിഴ്നാട്, കേരളം എന്നിവ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നിയമിച്ച ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഇടപെടലുണ്ടാകുന്നുവെന്നും, സംസ്ഥാനങ്ങളുടെ പുരോഗതിയിൽ ബിജെപിക്കും ആർ.എസ്.എസിനും താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കാത്ത സംഘടനയാണ് ആർ.എസ്.എസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരൂർ ദുരന്തത്തെ പരാമർശിച്ച അദ്ദേഹം, ജനങ്ങളോടുള്ള ഉത്തരവാദിത്വം ഭരണാധികാരികൾ നിർവഹിക്കുകയാണോ എന്നതിൽ സംശയം ഉയർത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഗൗരവമായ ഉത്തരവാദിത്വമാണെന്നും, അത് ലഘുവായി കാണാനാവില്ലെന്നും എം.എ ബേബി വിമർശിച്ചു.
