ഇഡി റെയ്ഡിനെക്കുറിച്ച് ആഭ്യന്തര വകുപ്പിനോ പോലീസിനോ വിവരമില്ല; ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ആരോപണം സ്ഥിരം പല്ലവി: രമേശ് ചെന്നിത്തല

സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനോ പോലീസിനോ മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. റെയ്ഡിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ഇഡി പോലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് ഡിജിപിയുമായി സംസാരിച്ചിരുന്നുവെന്നും സംസ്ഥാന പോലീസിനും ഈ നീക്കത്തെക്കുറിച്ച് സൂചനയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു.

“പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ വട്ടം ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. അതെല്ലാം സ്വാഭാവികമായ സർക്കാർ നടപടികളുടെ ഭാഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയെ ഇപ്പോൾ നടക്കുന്ന ഇഡി റെയ്ഡുമായി കൂട്ടിക്കലർത്തേണ്ട യാതൊരു ആവശ്യമില്ല,” ചെന്നിത്തല വ്യക്തമാക്കി.

അതേപോലെ, സിപിഐഎം ഉന്നയിക്കുന്ന ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ആരോപണങ്ങളെ രമേശ് ചെന്നിത്തല ശക്തമായി തള്ളിപ്പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളിയാണെന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പല്ലവിയാണെന്നും, കോൺഗ്രസിനെതിരെയുള്ള അത്തരം പ്രചാരണങ്ങൾ കടന്നകൈയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് എന്താണെന്നും സിപിഐഎം എന്താണെന്നും ബിജെപി എന്താണെന്നും കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. യഥാർത്ഥത്തിൽ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും, അങ്ങനെ കൂട്ടുകെട്ടുണ്ടാക്കിയവർക്ക് ഇപ്പോൾ എന്താണ് പറ്റിയതെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ആഭ്യന്തര മന്ത്രി പരിഹസിച്ചു.

മറുപടി രേഖപ്പെടുത്തുക