വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണ (SIR ) നടപടികൾക്ക് പൂർണ്ണമായ നിയമസാധുതയും ഭരണഘടനാ സാധുതയുമുണ്ടെന്ന് സുപ്രീം കോടതി. ഇലക്ടറൽ റോളുകളുടെ എസ്ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം പരമോന്നത കോടതി പൂർണ്ണമായും ശരിവെച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരം പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
“വോട്ടര് പട്ടിക തീവ്രപരിഷ്കരണത്തിന് കൃത്യമായ ചട്ടങ്ങളുടെ പിന്ബലമുണ്ട്. ഇത് ഭരണഘടനയ്ക്ക് ജീവൻ പകരുന്ന നടപടിയാണ്,” വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
എസ്ഐആർ നടപടികൾ വഴി വോട്ടർപട്ടികയിൽ നിന്ന് ആളുകളെ അനിയന്ത്രിതമായി ഒഴിവാക്കുന്നു എന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അർഹരായവരെ ഒഴിവാക്കുന്നത് തടയാൻ വോട്ടർപട്ടികയിൽ മതിയായ നടപടിക്രമങ്ങളുണ്ടെന്ന് കോടതി ഉറപ്പുനൽകി. എസ്ഐആർ നടപ്പിലായാൽ ചില ജനവിഭാഗങ്ങൾ പൗരത്വ പട്ടികയിൽ (NRC) നിന്ന് ഒഴിവാക്കപ്പെടുമെന്ന തരത്തിൽ ഉയർന്നുവന്ന വാദങ്ങളും സുപ്രീം കോടതി പൂർണ്ണമായി തള്ളി.
ബിഹാർ എസ്ഐആറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട പരാതിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി. ഈ ഉത്തരവ് രാജ്യത്തുടനീളം എസ്ഐആറിന്റെ തുടർന്നുള്ള ഘട്ടങ്ങളെ ശക്തമായി സ്വാധീനിക്കും.
പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എസ്ഐആറിന്റെ രണ്ടാം ഘട്ടം ഇതിനകം നടന്നിരുന്നു. പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 5 രൂപയ്ക്ക് ‘ഫിഷ് കറി മീൽസ്’, സ്ത്രീകൾക്ക് മാസം 3000 രൂപ തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളുമായി പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രീയ പോരാട്ടം കടുപ്പിക്കുന്ന സാഹചര്യത്തിൽ, വോട്ടർപട്ടികയുടെ ആധികാരികത ഉറപ്പാക്കുന്ന ഈ കോടതി വിധി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമാകും.
