ടി20 ക്രിക്കറ്റിൽ ക്രിസ് ഗെയ്‌ലിന്റെ എക്കാലത്തെയും മികച്ച സിക്‌സർ റെക്കോർഡ് വൈഭവ് തകർത്തു

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയൊരു ചരിത്രവിപ്ലവത്തിന് തിരികൊളുത്തി രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി. ബുധനാഴ്ച നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗിൽ അത്യുജ്ജ്വല പ്രകടനം പുറത്തെടുത്തതോടെ, ഒരു ട്വന്റി-20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഈ കൗമാരതാരം സ്വന്തമാക്കി.

സീസണിൽ ഇതുവരെ 61 സിക്സറുകളാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പറന്നുയർന്നത്. 2012 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി (RCB) യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ സ്ഥാപിച്ച 59 സിക്സറുകളുടെ ദീർഘകാല റെക്കോർഡാണ് ഈ ബിഹാർ സ്വദേശി പഴങ്കഥയാക്കിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വമ്പൻ ഹിറ്റർമാർ പലർ വന്നിട്ടും 14 വർഷമായി ആർക്കും തൊടാനാകാത്ത റെക്കോർഡായിരുന്നു ഇത്.

കൗമാരക്കാരുടെ റൺവേട്ടയിൽ ഒന്നാമൻസിക്സറുകളുടെ എണ്ണത്തിൽ മാത്രമല്ല, റൺവേട്ടയിലും വൈഭവ് പുതിയ മാനദണ്ഡങ്ങൾ കുറിച്ചു. 20 വയസ്സ് തികയുന്നതിന് മുൻപ് ഒരു ടി20 ടൂർണമെന്റിൽ 600 റൺസ് തികയ്ക്കുന്ന ആദ്യ കൗമാരക്കാരൻ എന്ന നേട്ടവും താരം സ്വന്തമാക്കി. വെറും 15 മത്സരങ്ങളിൽ നിന്നാണ് വൈഭവ് ഈ 600 റൺസ് അടിച്ചുകൂട്ടിയത്.

ഇതോടെ ആഭ്യന്തര ക്രിക്കറ്റിൽ കൗമാര പ്രായത്തിൽ ദേവ്ദത്ത് പടിക്കൽ (2019-20 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നേടിയ 580 റൺസ്), ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി തിലക് വർമ്മ (2022-ൽ നേടിയ 397 റൺസ്) എന്നിവർ സ്ഥാപിച്ച റെക്കോർഡുകളെല്ലാം വൈഭവ് സൂര്യവംശി മറികടന്നു.

ഋഷഭ് പന്ത്, പൃഥ്വി ഷാ, ഇംഗ്ലണ്ടിന്റെ വിൽ സ്മീഡ്, ഫ്രാൻസിന്റെ ഗുസ്താവ് മക്കീൻ എന്നിവരെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് വൈഭവിന്റെ ഈ കുതിപ്പ്. നേരത്തെ, ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എലിമിനേറ്റർ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെതിരെ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മത്സരത്തിനായി ഇരുടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു.

സൺറൈസേഴ്‌സ് സലിൽ അറോറയ്ക്ക് പകരം പ്രഫുൽ ഹിംഗിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ, രാജസ്ഥാൻ റോയൽസ് യുവതാരം ശുഭം ദുബെയ്ക്ക് പകരം പരിചയസമ്പന്നനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ആദ്യ ഇലവനിൽ ഇറക്കിയാണ് തങ്ങളുടെ ലൈനപ്പ് ശക്തമാക്കിയത്.

മറുപടി രേഖപ്പെടുത്തുക