മുൻ ഇന്ത്യൻ ഓൾറൗണ്ടർ സായിരാജ് ബഹുതുലെയെ സീനിയർ പുരുഷ ദേശീയ ടീമിന്റെ സ്പിൻ ബൗളിംഗ് പരിശീലകനായി നിയമിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 തുടങ്ങി എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ അടുത്ത തലമുറ സ്പിന്നർമാരെ നയിക്കാനും വളർത്തിയെടുക്കാനുമുള്ള ചുമതല ഇനി മുതൽ ബഹുതുലെക്കായിരിക്കും.
“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ (സീനിയർ പുരുഷ) സ്പിൻ ബൗളിംഗ് പരിശീലകനായി മിസ്റ്റർ സായിരാജ് ബഹുതുലെയെ നിയമിച്ചതായി അറിയിക്കുന്നതിൽ ബി.സി.സി.ഐക്ക് സന്തോഷമുണ്ട്,” എന്ന് ബോർഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളിലും എട്ട് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ബഹുതുലെ, ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര തലത്തിലും വിപുലമായ പരിശീലക പരിചയം നേടിയ ശേഷമാണ് ഈ നിർണ്ണായക റോളിലേക്ക് കടക്കുന്നത്.
മുൻ മുംബൈ താരമായ അദ്ദേഹത്തിന് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ശ്രദ്ധേയമായ ഫസ്റ്റ് ക്ലാസ് കരിയറാണുള്ളത്. ഈ കാലയളവിൽ 6,176 റൺസും 630 വിക്കറ്റുകളും സ്വന്തമാക്കിയ അദ്ദേഹം, ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.
തന്റെ പുതിയ നിയമനത്തെക്കുറിച്ച് പ്രതികരിക്കവെ, ഇന്ത്യൻ ക്രിക്കറ്റിനെ വീണ്ടും സേവിക്കാൻ അവസരം ലഭിച്ചതിൽ ബഹുതുലെ അഭിമാനം പ്രകടിപ്പിച്ചു:
“ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിംഗ് പരിശീലകനായി നിയമിതനായത് ഒരു വലിയ ബഹുമതിയായി കാണുന്നു. ഒരു കളിക്കാരനെന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായിരുന്നു. ഇപ്പോൾ പരിശീലകന്റെ വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന നൽകാൻ കഴിയുന്നത് വളരെ സവിശേഷമായ കാര്യമാണ്. കളിക്കാരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും എല്ലാ ഫോർമാറ്റുകളിലും ടീമിന്റെ വിജയങ്ങൾക്കായി പിന്തുണ നൽകാനും ഞാൻ ആഗ്രഹിക്കുന്നു.”- അദ്ദേഹം പറഞ്ഞു
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആദരണീയനായ പരിശീലകരിൽ ഒരാളായി മാറാൻ ബഹുതുലെക്ക് സാധിച്ചിരുന്നു . ആഭ്യന്തര ക്രിക്കറ്റിൽ കേരളം, വിദർഭ, ഗുജറാത്ത്, ബംഗാൾ എന്നീ ടീമുകളുടെ മുഖ്യ പരിശീലകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളുടെ സ്പിൻ-ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചു.
2022-ൽ ഇന്ത്യ ജേതാക്കളായ ഐ.സി.സി അണ്ടർ-19 പുരുഷ ലോകകപ്പ് ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു അദ്ദേഹം. തുടർന്ന് 2024 പതിപ്പിലെ അണ്ടർ-19 കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായും ഉണ്ടായിരുന്നു. ഇന്ത്യ-എ ടീമിനൊപ്പവും സീനിയർ പുരുഷ ടീമിനൊപ്പവും സ്പെഷ്യലിസ്റ്റ് ബൗളിംഗ് പരിശീലകനായി പലതവണ പ്രവർത്തിച്ചിട്ടുള്ള ബഹുതുലെ, 2021 മുതൽ 2024 വരെ ബി.സി.സി.ഐയുടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (നിലവിൽ സെന്റർ ഓഫ് എക്സലൻസ്) കോച്ചിംഗ് ടീമിലെ പ്രധാനിയായിരുന്നു. യുവപ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ബഹുതുലെയുടെ വരവ് ഇന്ത്യൻ സ്പിൻ നിരയ്ക്ക് കൂടുതൽ കരുത്താകും.
