ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചന: മന്ത്രി രമേശ് ചെന്നിത്തല

തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമവാഴ്ച കൈയിലെടുക്കാനുള്ള പരസ്യമായ ശ്രമമാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, എത്ര വലിയ ഉന്നതനായാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

കേസുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് ഇതിനകം തന്നെ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.ഐ.എം പ്രവർത്തകരെ പോലീസ് പിടി കൂടിയിട്ടുണ്ട്. പത്ത് വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്തുനിന്നാണ് ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ഉണ്ടാകുന്നത് എന്നത് ഗൗരവതരമാണെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. എത്ര വലിയ രാഷ്ട്രീയ സ്വാധീനമുള്ളവരായാലും കൃത്യമായ നിയമ നടപടികളുമായി പോലീസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയ്ഡിനെത്തിയ ഇഡി സംഘത്തിന് സുരക്ഷ ഒരുക്കുന്നതിൽ കേരള പൊലീസിന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. “കേന്ദ്ര ഏജൻസി തങ്ങളുടെ റെയ്‌ഡിനെ കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ അക്രമികളെ കൂടുതൽ ശരിയായി പ്രതിരോധിക്കാമായിരുന്നു. കണ്ണൂരിലും കോഴിക്കോടും യാതൊരുവിധ തടസ്സവുമില്ലാതെ ഇഡി സുഗമമായി പരിശോധന നടത്തിയാണ് മടങ്ങിയത്. എന്നാൽ തിരുവനന്തപുരത്ത് മാത്രം ഇത്തരമൊരു അക്രമം ഉണ്ടായത് എങ്ങനെയെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്,” ചെന്നിത്തല പറഞ്ഞു.

തലസ്ഥാനത്തുണ്ടായ ഈ അനിഷ്ട സംഭവങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

മറുപടി രേഖപ്പെടുത്തുക