‘കോടതി അവധി നോക്കി റെയ്ഡ്; പിണറായിയെ തകർക്കാൻ ബിജെപി-കോൺഗ്രസ് ഗൂഢാലോചന: എം.വി. ഗോവിന്ദൻ

സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധവുമായി സി.പി.ഐ.എം. റെയ്ഡിനെതിരെ എൽ.ഡി.എഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കേന്ദ്ര സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.

രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് കോൺഗ്രസും ബി.ജെ.പിയും സംയുക്തമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ റെയ്ഡെന്ന് അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കോടതിയിൽ നിന്ന് തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

“ഒരു എഫ്.ഐ.ആർ ഉണ്ടാക്കാനുള്ള അന്വേഷണം നടത്താനാണ് കോടതി നിർദേശിച്ചത്. എന്നാൽ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് ഇഡി പിണറായി വിജയന്റെ വീട്ടിലേക്ക് ഇരച്ചുകയറിയത്. നിയമപരമായി ഇതിനെ ചോദ്യം ചെയ്യാതിരിക്കാൻ ശനി, ഞായർ ദിവസങ്ങളിൽ കോടതി അവധിയായ സമയം നോക്കിയാണ് ഇഡി ഈ നാടകത്തിന് ഇറങ്ങിയത്,” ഗോവിന്ദൻ വ്യക്തമാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളെ ഇഡിയെ കാട്ടി ഭയപ്പെടുത്തി തങ്ങളുടെ കൂടെക്കൂട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടാകാം, എന്നാൽ ആ വിരട്ടലൊന്നും പിണറായി വിജയന്റെ അടുത്ത് വിലപ്പോവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആർ.എസ്.എസ് നേതൃത്വം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ പൂർണ്ണമായി നിയന്ത്രിക്കുകയാണ്. അമിത് ഷാ മുൻപ് പ്രഖ്യാപിച്ചതുപോലെ അവരുടെ അടുത്ത ഉന്നം കേരളമാണ്. അതിനായി കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കേന്ദ്രമായ പിണറായി വിജയനെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ ദേശീയതലത്തിൽ പ്രതിരോധിക്കേണ്ട ‘ഇന്ത്യാ’ മുന്നണിയുടെ നേതാവാണ് രാഹുൽ ഗാന്ധി. എന്നാൽ കേരളത്തിൽ വന്ന് പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിക്കുന്നത് പരസ്യമായ കോൺഗ്രസ്-ബി.ജെ.പി അന്തർധാരയ്ക്ക് തെളിവാണ്.

വി.ഡി. സതീശന് ‘മേനോൻ’ വാൽ മുളച്ചത് ഈ സംഘപരിവാർ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. പിണറായി വിജയന് നേരെയുണ്ടായ ഈ കടന്നാക്രമണം കേരളത്തിലെ ഇടതുപക്ഷത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതിരോധിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക