പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ അപകടം; പാറമടയിലെ വെള്ളക്കെട്ടിൽ ഡൽഹി സ്വദേശിയായ മോഡൽ മുങ്ങിമരിച്ചു

പെരുമ്പാവൂരിന് സമീപം മുടക്കുഴ പെട്ടമലയിലെ മോഡൽ പാറമടയിൽ യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രമുഖ തുണിമില്ലിന്റെ പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയതായിരുന്നു ദിയാൻഷൂവും സംഘവും. 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചുകിടക്കുന്നതും കടുത്ത അപകടസാധ്യതയുള്ളതുമായ പെട്ടമലയിലെ പാറമടയിലാണ് സംഘം ചിത്രീകരണത്തിനായി എത്തിയത്.

വലിയ വെള്ളക്കെട്ടുള്ള ഈ പാറമടയിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് അധികൃതർ ഇവിടേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരുന്നതാണ്. എന്നാൽ, ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഷൂട്ടിംഗ് സംഘം പാറമടയ്ക്കുള്ളിൽ പ്രവേശിച്ചതും ഒടുവിൽ അപകടത്തിൽ കലാശിച്ചതും.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂർ ഫയർഫോഴ്സ് സംഘം ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം വെള്ളത്തിൽ നിന്നും കരയ്‌ക്കെടുത്തത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക