തമിഴ്നാട്ടിൽ സനാതന ധർമ്മത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രമുഖ ചലച്ചിത്ര നടൻ അർജുൻ സർജ. സനാതന ധർമ്മം എന്നത് ഒരു മതമല്ലെന്നും, മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും പെരുമാറണമെന്നും പഠിപ്പിക്കുന്ന ഒരു ഉത്തമ ജീവിതരീതിയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വെച്ച് നടന്ന ഒരു ചലച്ചിത്ര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മത്തെ പൂർണ്ണമായി തുടച്ചുനീക്കണമെന്ന ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടൻ അർജുന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇന്നത്തെ യുവതലമുറ സനാതന ധർമ്മത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ കണ്ടറിയണമെന്നും ജീവിതത്തിൽ പകർത്തണമെന്നും അർജുൻ നിർദ്ദേശിച്ചു.
നടൻ അർജുന്റെ വാക്കുകൾ:
“സനാതന ധർമ്മം ഒരു മതമല്ല, അതൊരു ജീവിതരീതിയാണ്. ദൈവങ്ങളെപ്പോലെ തന്നെ സ്വന്തം മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കണമെന്നാണ് അത് നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് നമ്മുടെ മാതാപിതാക്കളെ അവഗണിക്കാൻ കഴിയില്ല, അതുപോലെ തന്നെ സനാതന ധർമ്മത്തെയും തള്ളിക്കളയാനോ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാനോ ആർക്കും സാധിക്കില്ല.”
ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് ഈ സങ്കൽപ്പം കൃത്യമായി പറഞ്ഞുതരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കരുതെന്നും ആരോടും അസൂയപ്പെടരുതെന്നും അത് മനുഷ്യനെ പഠിപ്പിക്കുന്നു. പ്രായമാകുമ്പോൾ മാതാപിതാക്കളോട് സ്വന്തം കുട്ടികളോടെന്ന വണ്ണം സ്നേഹത്തോടെയും കരുതലോടും കൂടി പെരുമാറാനാണ് സനാതന ധർമ്മം ആവശ്യപ്പെടുന്നത്.
അതേസമയം, അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രം ‘ബ്ലാസ്റ്റ്’ കഴിഞ്ഞ ദിവസം തെലുങ്ക്, തമിഴ് ഭാഷകളിലായി തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ വൻ വിജയവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സംഘടിപ്പിച്ച വിജയസമ്മേളനത്തിനിടെയാണ് താരം തന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
