ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്ത് വീണ്ടും നടത്തുന്ന നീറ്റ് യുജി പുനപരീക്ഷയിൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ സുരക്ഷിതമായ നടത്തിപ്പിനായി ചില പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. മുൻപ് നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഈ വിശദീകരണം നൽകിയത്.
ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ, യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് എന്നീ സംഘടനകളാണ് പരീക്ഷാ നടത്തിപ്പിൽ വ്യക്തമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത്തരം ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ വലിയ മാനസികാഘാതമുണ്ടാക്കുന്നതാണെന്നും നമ്മുടെ രാജ്യത്തെ യുവാക്കളെ നിരാശപ്പെടുത്താൻ പാടില്ലെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ആശങ്കകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിനാലാണ് ഉയർന്ന തലത്തിൽ തന്നെ മേൽനോട്ടം ഉറപ്പാക്കുന്നതെന്നും കേന്ദ്രം കോടതിക്ക് മറുപടി നൽകി.
എൻടിഎയിൽ അഴിച്ചുപണി; ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ
ചോദ്യപ്പേപ്പർ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ ഘടനാപരമായ മാറ്റങ്ങളും ശക്തമായ സുരക്ഷാ പരിഷ്കാരങ്ങളും നടപ്പിലാക്കിയതായി പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഒരു ഉന്നതതല സ്റ്റീറിങ് കമ്മിറ്റി രൂപീകരിച്ച് പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തിയിട്ടുണ്ട്.
പരീക്ഷാ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എൻടിഎയിൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ പദവികൾ ഉൾപ്പെടെ 16 പുതിയ സീനിയർ ലെവൽ തസ്തികകൾ സൃഷ്ടിച്ചതായും അധികൃതർ കോടതിയെ അറിയിച്ചു.
