സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എല്ലാ ക്ലാസുകളിലേക്കും പ്രവേശനം മെയ് 2 മുതൽ ആരംഭിക്കും. ജൂൺ 1ന് പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്.
റൈറ്റ് റ്റു എഡ്യുക്കേഷൻ ആക്ട് പ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറു വയസ്സാണ്. എന്നാൽ സംസ്ഥാനത്ത് കേരളാ എഡ്യുക്കേഷൻ റൂൾസ് അനുസരിച്ച് ഈ പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയന വർഷത്തേക്കും തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എല്ലാ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണമെന്ന് വകുപ്പ് നിർദ്ദേശിച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത കുട്ടികൾക്ക് താൽക്കാലിക പ്രവേശനം നൽകാനും അനുമതിയുണ്ട്. പ്രവേശനത്തിനായി പരീക്ഷ നടത്തുന്നത് അനുവദിക്കില്ല.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും പൂർണമായും സൗജന്യമായി ലഭിക്കും. പഠന പിന്തുണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും പ്രമോഷൻ ലിസ്റ്റ് മെയ് 2ന് പ്രസിദ്ധീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
