പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ കൂട്ടപരോൾ താൽക്കാലികമായി തടഞ്ഞു; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച നടപടി വിവാദമായ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ. ഈ വിഷയത്തിൽ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല , ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെട്ടു.

പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ ജയിലിന് പുറത്തിറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് പ്രതികളുടെ പരോൾ നടപടികൾക്ക് ധൃതിപിടിച്ച് അനുമതി നൽകിയത്. കേസിലെ ആറ് പ്രതികൾ ഇതിനകം തന്നെ പരോൾ ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് പ്രതികൾക്കും കൂട്ടത്തോടെ പരോൾ നൽകാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും വിവാദവുമുയർന്നത്.

തുടർന്ന്, വിഷയം ഗൗരവമായി എടുത്ത സർക്കാർ പ്രതികളുടെ പരോൾ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാനും ജയിൽ വകുപ്പിന്റെ നടപടിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും തീരുമാനിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക