സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആർഷോയും എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഇരുവരുടെയും രജിസ്റ്റർ വിവാഹം നടക്കുക.
സാമൂഹിക മാധ്യമങ്ങളിൽ ഇരുവരും ഏറെ സജീവമാണെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെയും ഔദ്യോഗികമായി പങ്കുവെച്ചിരുന്നില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹ ചടങ്ങുകൾ നടക്കുക.
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി പി.ജി. വിദ്യാർത്ഥിയായിരുന്ന പി.എം. ആർഷോ പിന്നീട് പഠനം പൂർത്തിയാക്കാതെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.
കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി. വിദ്യാർത്ഥിനിയാണ്. നേരത്തെ, കോളേജ് അധ്യാപക ജോലി നേടുന്നതിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്ന കേസിൽ പ്രതിയായതോടെ വിദ്യ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങളും നിയമനടപടികളും നേരിട്ടിരുന്നു.
