ബി.ഡി.ജെ.എസ് അധ്യക്ഷനും എൻ.ഡി.എ നേതാവുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ആലുവയിലെ വസതിയിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വഴിവെച്ചെങ്കിലും, ഇതിൽ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലെന്നും വെറുമൊരു സൗഹൃദ സന്ദർശനം മാത്രമാണിതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിനും വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനും ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
മുൻപ് പല വിഷയങ്ങളിലും ഇരുവിഭാഗവും തമ്മിൽ നിലനിന്നിരുന്ന രാഷ്ട്രീയ ഭിന്നതകൾ സൂചിപ്പിച്ചു കൊണ്ട്, ഈ കൂടിക്കാഴ്ചയോടെ മുന്നണികൾ തമ്മിലുള്ള ‘മഞ്ഞുരുകിയോ’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനതായ ശൈലിയിലായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മറുപടി.
“മഞ്ഞുരുകാൻ ഇവിടെ കട്ടയുമില്ല കല്ലുമില്ല. ഇതൊരു തികഞ്ഞ സൗഹൃദ സന്ദർശനം മാത്രമാണ്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ നല്ലൊരു സൗഹൃദം എപ്പോഴുമുണ്ട്. അതിനപ്പുറം ഇതിന് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല.”- അദ്ദേഹം പറഞ്ഞു.
