സ്‌കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം; സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാതെ വലഞ്ഞ് പ്രഥമാധ്യാപകർ

കേരളത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ അധികൃതർ കടുത്ത പ്രതിസന്ധിയിൽ. സാങ്കേതിക നൂലാമാലകളും സർക്കാർ ഉത്തരവുകളിലെ അവ്യക്തതയും കാരണമാണ് ഭൂരിഭാഗം സ്‌കൂളുകൾക്കും ഇതുവരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ കഴിയാതെ പോയത്.

കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്ക് പകരം സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് പ്രഥമാധ്യാപകർ. തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകിയതാണ് ആദ്യഘട്ടത്തിൽ ഒരുക്കങ്ങളെ ബാധിച്ചത്. ഇതിന് പിന്നാലെ ഫിറ്റ്‌നസ് പരിശോധനയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങൾ നടപടികൾ പൂർണ്ണമായും കുരുക്കിലാക്കുകയായിരുന്നു.

അസിസ്റ്റൻ്റ് എൻജിനീയറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ, കൃത്യമായ ചെക്ക്‌ലിസ്റ്റ് പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്നാൽ ഇത്തവണത്തെ സർക്കാർ സർക്കുലറിലെ ചില നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കിടയിൽ വലിയ തർക്കത്തിന് വഴിമാറി.

സ്‌കൂളുകളിലെ വൈദ്യുത ഉപകരണങ്ങളുടെയും വയറിംഗ് സംവിധാനങ്ങളുടെയും സുരക്ഷ സാക്ഷ്യപ്പെടുത്താൻ തങ്ങൾക്ക് സാങ്കേതിക പ്രാവീണ്യം ഇല്ലെന്ന് അസിസ്റ്റൻ്റ് എൻജിനീയർമാർ സർക്കാരിനെ അറിയിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി എൻജിനീയർമാർ ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതോടെ വൈദ്യുത-അഗ്നിരക്ഷാ പരിശോധനകളിൽ നിന്ന് തദ്ദേശ സ്ഥാപന എൻജിനീയർമാരെ ഒഴിവാക്കിക്കൊണ്ട് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഇതാണ് ഫിറ്റ്‌നസ് പരിശോധനകൾ പാതിവഴിയിൽ തടസ്സപ്പെടാൻ കാരണമായത്.

പ്രതിസന്ധി രൂക്ഷമായതോടെ സ്‌കൂൾ പൂട്ടലിലേക്ക് നയിക്കാതിരിക്കാൻ പ്രഥമാധ്യാപകർക്ക് താൽക്കാലിക ആശ്വാസം നൽകുന്ന പുതിയ നിർദ്ദേശവുമായി സർക്കാർ ഒടുവിൽ രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിലെ വൈദ്യുത ഉപകരണങ്ങളും വയറിങും സുരക്ഷിതമാണെന്ന് കാണിച്ച്, ഒരു മാസത്തിനകം അംഗീകൃത വയർമാൻമാരുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയാകും.

ഈ താൽക്കാലിക ഇളവിന്റെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഒപ്പുവെപ്പിച്ചു വാങ്ങി നാളെത്തന്നെ സ്‌കൂളുകൾ തുറക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. അതേസമയം, സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.

മറുപടി രേഖപ്പെടുത്തുക