ട്രോളന്മാരോട് എനിക്ക് ഒന്നും പറയാനില്ല; അവർ അത് തുടരട്ടെ ഞാൻ എന്റെ വഴിക്ക് മുന്നോട്ട് പോകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോഷ്യൽ മീഡിയയിലെ ട്രോളുകളെ താൻ ഒട്ടും ഗൗരവത്തോടെയല്ല കാണുന്നതെന്നും തികഞ്ഞ നിസംഗതയോടെയാണ് അവയോട് പ്രതികരിക്കുന്നതെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. താൻ സ്പീക്കറായി ചുമതലയേറ്റതു മുതൽ ഉയർന്നുവന്ന ട്രോളുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ ഭാഷയിലാണ് അദ്ദേഹം ഒരു മാധ്യമത്തിനോട് പ്രതികരിച്ചത്.

സംസാരിക്കുമ്പോൾ നാക്കുപിഴകൾ സംഭവിക്കുന്നത് മനുഷ്യസഹജമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. “ട്രോളുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ വളരെ നിസംഗതയോടെയാണ് അതിനെ കണ്ടത്. സംസാരിക്കുമ്പോൾ നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണ്. മാധ്യമരംഗത്തെ പ്രമുഖർക്ക് പോലും നാക്കുപിഴ വരാറില്ലേ? തൊട്ടടുത്ത വാചകത്തിൽ അവർ ക്ഷമ ചോദിച്ച് അടുത്ത കാര്യത്തിലേക്ക് കടക്കുകയാണ് പതിവ്. എനിക്കും അതിനുള്ള അവകാശമില്ലേ? തെറ്റുകൾ വരുത്താത്ത ഏതെങ്കിലും പ്രസംഗകരുണ്ടോ? ഓരോ തവണ സംസാരിക്കുമ്പോഴും ആരെങ്കിലും ഡിക്ഷ്ണറി നോക്കിയാണോ സംസാരിക്കുന്നത്? നമ്മൾ സ്ഥിരമായി സംസാരിക്കുന്നവരായതുകൊണ്ട് ചില തെറ്റുകൾ പറ്റാം. അത് മനഃപൂർവം ചെയ്തതാണോ എന്നത് മാത്രമല്ലേ നോക്കേണ്ടതുള്ളൂ? ഞാൻ ഒരിക്കലും മനഃപൂർവ്വം ഒന്നും ചെയ്തിട്ടില്ല. ചിലർ ഇതിനെ വലിയൊരു വ്യാകരണ പിശകായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.”- അദ്ദേഹം പറഞ്ഞു.

ട്രോളുകൾ വ്യക്തിപരമായ അധിക്ഷേപമായി തോന്നാറുണ്ടോ എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സാധാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയത്തിൽ ആരും അഭിനന്ദനക്കത്ത് പ്രതീക്ഷിച്ച് പ്രവർത്തിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങൾ അതിന്റെ വഴിക്ക് പോകുമെന്നും താൻ തന്റെ വഴിക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മൾ മുന്നേറുന്ന ലക്ഷ്യവും കാഴ്ചപ്പാടുമാണ് പ്രധാനം. ബാക്കിയുള്ളതെല്ലാം വളരെ നിസാരമാണ്. ഒരാളെ താഴെയിറക്കാൻ മറ്റൊന്നും കിട്ടാതെ വരുമ്പോൾ, കൈയിൽ കിട്ടുന്ന ചെറിയ കാര്യങ്ങളെപ്പിടിച്ച് തൂങ്ങുന്നത് പോലെയാണ് ഈ ട്രോളുകളെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക