വൈഭവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കൂ, അനാവശ്യ സമ്മർദ്ദം അരുത്; ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെ, നിർണ്ണായക ഉപദേശവുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. പ്രതിഭാധനനായ ഒരു യുവതാരത്തിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതിന് പകരം, സ്വയം വളരാൻ അവന് ആവശ്യത്തിന് സമയം നൽകുകയാണ് വേണ്ടതെന്ന് സച്ചിൻ വ്യക്തമാക്കി. മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ കൂടി പങ്കെടുത്ത ചടങ്ങിൽ വൈഭവിന്റെ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “അജിത് ഇവിടെ ഇരിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ പറയുന്ന കാര്യങ്ങൾ സൂക്ഷിക്കണം” എന്ന് സച്ചിൻ തമാശയായി പറഞ്ഞു.

ഭാവിയിൽ വൈഭവ് സൂര്യവംശി ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ അത് എപ്പോൾ വേണമെന്ന് തീരുമാനിക്കേണ്ടത് സെലക്ടർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വൈഭവ് സൂര്യവംശി മികച്ചൊരു പ്രതിഭയാണ്. അവൻ നന്നായി കളിക്കുമ്പോൾ നമ്മൾ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. അവനോട് എനിക്ക് പറയാനുള്ളത് സ്വന്തം ശൈലിയിൽ തന്നെ മുന്നോട്ട് പോകാനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ വെല്ലുവിളികൾ വരും, കാലക്രമേണ അവയെ നേരിടാൻ പഠിക്കണം. അമിതമായ ഉപദേശങ്ങളോ ഇടപെടലുകളോ നൽകി അവന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തരുത്. അവനെ സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചാൽ ബാക്കിയെല്ലാം അനുഭവങ്ങളിലൂടെ അവൻ പഠിച്ചുകൊള്ളും.”- സച്ചിൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക