അമർഷത്തോടെ ഇറാൻ, കനലായി പശ്ചിമേഷ്യ; യു.എസുമായുള്ള ചർച്ചകൾ നിർത്തിവെച്ചു; ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് മുന്നറിയിപ്പ്

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ കനക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ നേരിയ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. ഗാസയിലും ലെബനനിലും ഇസ്രായേൽ തങ്ങളുടെ സൈനികാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ഇനി അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കുമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. മധ്യസ്ഥർ മുഖേന യു.എസുമായി നടത്തിവന്നിരുന്ന രഹസ്യ സന്ദേശ കൈമാറ്റങ്ങൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു.

ലെബനനിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നഗ്നമായ നിയമലംഘനങ്ങളും ആക്രമണങ്ങളുമാണ് ഇറാന്റെ പെട്ടെന്നുള്ള ഈ പിന്മാറ്റത്തിന് കാരണം. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

നയതന്ത്ര ചർച്ചകൾ അവസാനിപ്പിച്ചതിന് പിന്നാലെ ലോകത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലാക്കാൻ പോന്ന കടുത്ത നടപടികളിലേക്കാണ് ഇറാനും അവരുടെ സഖ്യകക്ഷികളായ ‘പ്രതിരോധ മുന്നണിയും’ നീങ്ങുന്നത്. ആഗോള സമുദ്ര വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക്പൂർണ്ണമായും ഉപരോധിക്കാൻ ഇറാൻ അജണ്ട നിശ്ചയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതോടൊപ്പം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സമുദ്ര വ്യാപാര പാതയായ ബാബ് എൽ-മന്ദേബ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ പുതിയ മുന്നണികൾ സജീവമാക്കാനും ഇറാൻ ഒരുങ്ങുന്നു.

ഇത് യാഥാർത്ഥ്യമായാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉൾപ്പെടെ കുതിച്ചുയരുകയും ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാവുകയും ചെയ്യും. വെടിനിർത്തൽ ചർച്ചകളിലെ ഇറാന്റെ വ്യക്തമായ നിലപാട് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും ആവർത്തിച്ചു. ഇറാന്റെ സുരക്ഷയും വെടിനിർത്തലും ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായി ഒതുക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹിസ്ബുള്ളയുടെ ശക്തമായ ആസ്ഥാനമായി കണക്കാക്കപ്പെടുന്ന ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ‘ദാഹിയേ’യിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുതിയ ആക്രമണങ്ങൾക്ക് ഉത്തരവിട്ടതോടെയാണ് നയതന്ത്ര ചർച്ചകൾ പൂർണ്ണമായും വഴിമുട്ടിയത്. പ്രദേശം ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതോടെ ജനങ്ങൾ ജീവനുംകൊണ്ട് പലായനം ചെയ്യുകയാണ്. ഇതിനകം ലെബനനിൽ മാത്രം പത്ത് ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായിക്കഴിഞ്ഞു.

“ഹിസ്ബുള്ളയ്ക്ക് നമ്മുടെ നഗരങ്ങളെ ആക്രമിക്കാൻ ഒരിയ്ക്കലും അവസരം നൽകില്ലെന്നും ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനങ്ങൾ ആക്രമ പരിധിയിൽ തന്നെയായിരിക്കുമെന്നും” നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. തെക്കൻ ലെബനനിൽ സുരക്ഷാ മേഖല സ്ഥാപിക്കാനായി ഇസ്രായേൽ കരസേന തങ്ങളുടെ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന ആശങ്കയും ശക്തമാണ്.

ലെബനന് പുറമേ ഗാസയിലെ സ്ഥിതിഗതികളും അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഉണ്ടായ വെടിനിർത്തൽ കരാറിന് ഇസ്രായേലിന്റെ സൈനിക നടപടികളെ പൂർണ്ണമായി തടയാൻ കഴിഞ്ഞിട്ടില്ല. ഹമാസിന്റെ നിരായുധീകരണവും ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റവും സംബന്ധിച്ച് പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അക്രമങ്ങൾക്ക് കുറവില്ല.

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 900 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നയതന്ത്രത്തിന്റെ വാതിലുകൾ ഓരോന്നായി അടയുമ്പോൾ, പശ്ചിമേഷ്യ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് വീണ്ടും വഴുതിവീഴുകയാണ്.

മറുപടി രേഖപ്പെടുത്തുക