കോൺഗ്രസ് സംഘപരിവാർ നയത്തിന് കീഴ്പ്പെട്ടു; എം.ജി താത്കാലിക വി.സി നിയമനത്തിൽ എം.വി ഗോവിന്ദൻ

മഹാത്മാഗാന്ധി സർവകലാശാലയിലെ താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും യു.ഡി.എഫ് സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കേരളത്തിലെ കോൺഗ്രസ് നേതൃത്വം സംഘപരിവാർ നയങ്ങൾക്ക് പൂർണ്ണമായി കീഴ്പ്പെട്ടാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ജി സർവകലാശാലയിൽ പുതുതായി നിയമിക്കപ്പെട്ട താത്കാലിക വി.സി ഡോ. ഡി. മാവൂത്തിനെതിരെയും അദ്ദേഹം കടുത്ത പരിഹാസം ഉന്നയിച്ചു. ഒരു സർവകലാശാലയുടെ തലപ്പത്തിരിക്കാൻ ആവശ്യമായ മറ്റ് യോഗ്യതകളൊന്നും അദ്ദേഹത്തിനില്ലെന്നും, അദ്ദേഹം ഒരു സംഘപരിവാർ അനുഭാവിയാണ് എന്നത് മാത്രമാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ ഇടയാക്കിയ ഒരേയൊരു യോഗ്യതയെന്നും ഗോവിന്ദൻ പരിഹസിച്ചു.

പാനൽ നൽകാതെ യു.ഡി.എഫ്; സർവകലാശാലകളിൽ കാവിവൽക്കരണം
മുൻപ് സംസ്ഥാനത്ത് എൽ.ഡി.എഫ് ഭരണകാലത്ത് കൃത്യമായ യോഗ്യതയുള്ളവരുടെ പാനൽ തയ്യാറാക്കി നൽകിയാണ് വി.സി നിയമനങ്ങൾ നടത്തിയിരുന്നതെന്ന് എം.വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു:

“മുൻ സർക്കാരിന്റെ രീതികളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ താത്കാലിക വി.സി നിയമനത്തിനായി ഒരു പാനൽ നൽകാൻ പോലും യു.ഡി.എഫ് സർക്കാർ തയ്യാറായില്ല. യു.ഡി.എഫിന്റെ പൂർണ്ണമായ പിന്തുണയോടെ കേരളത്തിലെ സർവകലാശാലകളിൽ കാവിവൽക്കരണം നടപ്പിലാക്കാനാണ് ഗവർണർ ഇപ്പോൾ ശ്രമിക്കുന്നത്.”- അദ്ദേഹം പറഞ്ഞു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിലും സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നിലപാട് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സി.പി.ഐ.എം ഒരിയ്ക്കലും വന്ദേമാതരത്തിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധിച്ച് പാടിക്കുന്നതിനോടാണ് പാർട്ടിക്കുള്ള വിയോജിപ്പെന്ന് കൂട്ടിച്ചേർത്തു.

കൂടാതെ, മുതിർന്ന കോൺഗ്രസ് നേതാവ് സണ്ണി ജോസഫുമായി ബന്ധപ്പെട്ടുയർന്ന ബന്ധുനിയമന വിവാദത്തിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഈ നിയമനം വ്യക്തമായ സ്വജനപക്ഷപാതമാണെന്നും ഒരിയ്ക്കലും അംഗീകരിക്കാൻ കഴിയാത്ത തെറ്റായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ അഴിമതി വിഷയത്തിൽ തങ്ങളുടെ നിലപാട് എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ കോൺഗ്രസ് ഉയർന്ന നേതൃത്വം അടിയന്തരമായി തയ്യാറാകണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക