ധാതു പര്യവേക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ; എ.ഐ. അധിഷ്ഠിത പര്യവേക്ഷണ കേന്ദ്രം ബെംഗളൂരുവിൽ വരുന്നു

ഇന്ത്യൻ ധാതു പര്യവേക്ഷണ മേഖലയെ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് നയിക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രധാനവും ആഴത്തിലുള്ളതുമായ ധാതു നിക്ഷേപങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രത്യേക കേന്ദ്രം സ്ഥാപിക്കും. ഇതിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ 100 കോടി രൂപ ചെലവിൽ ബെംഗളൂരുവിൽ “ഡാറ്റ പ്രോസസ്സിംഗ്, ഇന്റഗ്രേഷൻ ആൻഡ് ഇന്റഗ്രേഷൻ സെന്റർ” രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

പതിറ്റാണ്ടുകളായി ഇന്ത്യ ശേഖരിച്ച ഭൂമിശാസ്ത്രം, രസതന്ത്രം, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള പ്രധാന ഹബ്ബായി ഈ കേന്ദ്രം മാറും. എ.ഐ , മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ധാതു നിക്ഷേപത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾ വേഗത്തിൽ കണ്ടെത്താനാകും. പര്യവേക്ഷണത്തിനായി പ്രത്യേക ഭൂപടങ്ങൾ തയാറാക്കുന്നതിലൂടെ, പരമ്പരാഗത രീതികളെ അപേക്ഷിച്ച് സമയവും പണവും വൻതോതിൽ ലാഭിക്കാനും നഷ്ടസാധ്യത കുറയ്ക്കാനും സാധിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 8.5 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം ഇത്തരത്തിൽ ഈ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിശകലനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷന്റെ ഭാഗമായുള്ള ഈ പദ്ധതി രാജ്യത്തിന് തന്ത്രപ്രധാനമായി ഏറെ പ്രധാനപ്പെട്ടതാണ്.

ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടറുകൾ, പ്രതിരോധ മേഖല എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ പ്രധാന ധാതുക്കൾക്കായി നിലവിൽ ഇന്ത്യ മറ്റ് വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ സാങ്കേതികവിദ്യ വഴി രാജ്യത്തിനകത്തുനിന്ന് തന്നെ ധാതുക്കൾ കണ്ടെത്താനായാൽ ഈ വിദേശ ആശ്രയത്വം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.

ഈ അത്യാധുനിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ കുറച്ചുകാലമായി നടക്കുന്നുണ്ടായിരുന്നെങ്കിലും ജൂൺ 7-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. രാജ്യത്തിന്റെ ധാതു സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ പദ്ധതി വലിയൊരു വഴിത്തിരിവാകുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക