പുണ്യനഗരമായി അറിയപ്പെടുന്ന വാരണാസിയുടെ സാംസ്കാരിക പ്രതിച്ഛായയും ശുചിത്വവും നിലനിർത്തുന്നതിനായി കടുത്ത നടപടികളുമായി പൗരസമിതി. നഗരപരിധിയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മാംസ, മത്സ്യ വിപണന കടകൾ ആറ് മാസത്തിനുള്ളിൽ നഗരത്തിന് പുറത്തേക്ക് മാറ്റുമെന്ന് ഞായറാഴ്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ ഇത് സംബന്ധിച്ച നിർദ്ദേശത്തിന് ഔദ്യോഗികമായി അംഗീകാരം നൽകി.
തുറന്ന സ്ഥലങ്ങളിലെ മാംസ വില്പന നഗരത്തിന്റെ സാംസ്കാരിക മഹിമയ്ക്ക് കോട്ടം വരുത്തുന്നുവെന്നും മാലിന്യ സംസ്കരണത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുവെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കടകൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റുന്നതോടെ തെരുവുകളിലെ ശുചിത്വം വർദ്ധിക്കുമെന്നും തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും മികച്ച അനുഭവം ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടകൾ ഏകീകരിച്ച് പുറത്തുള്ള അഞ്ച് പ്രധാന സ്ഥലങ്ങളിലേക്കാണ് മാറ്റുന്നത്. രാംനഗർ, ദുമ്രി, ശിവ്പൂർ, ഛിതൈപൂർ തുടങ്ങിയ അഞ്ച് മേഖലകളിലായി തിരിച്ചിട്ടുള്ള നിയുക്ത സ്ഥലങ്ങളിലായിരിക്കും ഇനി കടകൾ പ്രവർത്തിക്കുക. പുനരധിവസിപ്പിക്കുന്ന കടകളിൽ കൃത്യമായ ശുചിത്വ സൗകര്യങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ളം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ മുനിസിപ്പൽ കോർപ്പറേഷൻ ഉറപ്പാക്കും.
വ്യാപാരികൾക്ക് ഈ കേന്ദ്രങ്ങളിൽ ഔദ്യോഗികമായി കടകൾ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൗരസമിതി ഉടൻ തന്നെ ആരംഭിക്കും. മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പാസാക്കിയ ഈ പുതിയ നിർദ്ദേശത്തെ വാരണാസി മേയർ അശോക് കുമാർ തിവാരി പൂർണ്ണമായി പിന്തുണച്ചു. നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്ന മിക്ക മാംസക്കടകളും നിയമവിരുദ്ധവും രജിസ്റ്റർ ചെയ്യാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“കാശി ഒരു ആത്മീയ-സാംസ്കാരിക നഗരമാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ദിവസേന ഇവിടെയെത്തുന്നത്. അവർ മാംസക്കടകൾ കാണാനല്ല ഇവിടേക്ക് വരുന്നത്. ഞങ്ങൾ ഈ കടകൾ പൂർണ്ണമായി അടച്ചുപൂട്ടുകയോ ആരുടെയും തൊഴിൽ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. പകരം അവയെല്ലാം നഗരപരിധിക്ക് പുറത്തുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി കൂടുതൽ മികച്ച രീതിയിൽ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. അവിടെ ആവശ്യമായ വൈദ്യുതിയും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കും.”- അശോക് കുമാർ തിവാരി പറഞ്ഞു.
