പിഎം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ല ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കാളിയായെന്നും കേന്ദ്രത്തിൽ നിന്ന് ഫണ്ട് സ്വീകരിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാർ ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളുകളുടെ പട്ടിക കൈമാറിയിട്ടില്ലെന്നും ആവശ്യമായ നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അറിയിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും, അത്തരം കത്ത് നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ശിവൻകുട്ടി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാരുമായുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം പിന്നിടുമ്പോൾ തന്നെ തൊഴിലാളിവിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സിഐടിയുവിന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

കരാർ ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും, മറുവശത്ത് വ്യാപകമായി ആശ്രിത നിയമനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഭരണത്തിലെ എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിൽ മാത്രം കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളതെന്നും വി. ശിവൻകുട്ടി വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക