ഇന്ത്യ വിട്ടതിന് പിന്നാലെ 4,200 കോടി രൂപയുടെ നഷ്ടമെന്ന് തുർക്കി എയർലൈൻസ്; സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കിയ തീരുമാനം ശരിവെച്ച് കേന്ദ്രം

ഇന്ത്യയിലെ പ്രമുഖ വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനദാതാക്കളിലൊന്നായ തുർക്കി ആസ്ഥാനമായ സെലെബി ഏവിയേഷൻ, രാജ്യത്ത് നിന്നുള്ള പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടം നേരിട്ടതായി വെളിപ്പെടുത്തി. സുരക്ഷാ അനുമതികൾ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയിലൂടെ ഏകദേശം 400 മുതൽ 500 മില്യൺ ഡോളർ വരെ (ഏകദേശം 4,200 കോടി രൂപ) ബിസിനസ് മൂല്യം നഷ്ടമായെന്ന് കമ്പനിയുടെ ചെയർപേഴ്‌സൺ കാനൻ സെലെബിയോഗ്ലു പറഞ്ഞു.

ഡൽഹി, മുംബൈ, ബെംഗളൂരു ഉൾപ്പെടെ രാജ്യത്തെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിൽ സേവനം നടത്തിയിരുന്ന സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതികളാണ് 2025 മെയ് 15-ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) റദ്ദാക്കിയത്. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ സ്ഥാപിച്ചിരുന്ന കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് അപ്രതീക്ഷിത വിരാമമായി.

ഇന്ത്യയും തുർക്കിയും തമ്മിലുള്ള നയതന്ത്ര-ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടി സ്വീകരിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ, പാകിസ്ഥാനെ തുർക്കി പിന്തുണച്ചെന്ന ആരോപണങ്ങൾ ഇന്ത്യയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

തുർക്കി സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലെ നിർണായക വിമാനത്താവള മേഖലയിൽ തുടരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് സെലെബിയുടെ ലൈസൻസുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

നടപടിക്ക് പിന്നാലെ കമ്പനിയുടെ ഉപകരണങ്ങളും പ്രവർത്തന സൗകര്യങ്ങളും ഇന്ത്യൻ അധികാരികൾ ഏറ്റെടുത്തു. സെലെബിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 10,000 ജീവനക്കാരെ വിവിധ ആഭ്യന്തര വിമാനത്താവള സേവന സ്ഥാപനങ്ങളിലേക്കും മറ്റ് കമ്പനികളിലേക്കും മാറ്റി നിയമിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം, തങ്ങൾ ഒരു സ്വകാര്യ കുടുംബ ബിസിനസ്സ് മാത്രമാണെന്നും തുർക്കി പ്രസിഡന്റ് റജബ് തയിബ് എർദോഗനുമായോ തുർക്കി സർക്കാരുമായോ രാഷ്ട്രീയ ബന്ധമില്ലെന്നും സെലെബി മാനേജ്‌മെന്റ് വാദിച്ചു. ലൈസൻസ് റദ്ദാക്കൽ ചോദ്യം ചെയ്ത് കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കേന്ദ്ര സർക്കാരിന്റെ നടപടിയെ ശരിവച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്റെ തീരുമാനങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും, ഒരു സ്വകാര്യ കമ്പനിയുടെ വാണിജ്യ താൽപര്യങ്ങൾ ദേശീയ സുരക്ഷയെക്കാൾ പ്രാധാന്യമുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.

സെലെബിയുടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിച്ചതോടെ രാജ്യത്തെ വിമാനത്താവള സേവന മേഖലയിലും അന്താരാഷ്ട്ര നിക്ഷേപ മേഖലയിലും ഈ തീരുമാനം ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക