അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയത്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 110 പന്തിൽ 154 റൺസ് നേടിയതോടെയാണ് ഗിൽ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്.
62 ഇന്നിങ്‌സുകളിൽ നിന്നാണ് ഗിൽ 3000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 72 ഇന്നിങ്‌സുകളിൽ 3000 റൺസ് നേടിയിരുന്ന ശ്രേയസ് അയ്യറുടെയും ശിഖർ ധവാന്റെയും റെക്കോർഡ് പിന്നിലായി. മികച്ച ഫോം തുടരുന്ന ഗിൽ, ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്തുറ്റ സാന്നിധ്യമായി വീണ്ടും തെളിയിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഗില്ലിനൊപ്പം ഇഷാൻ കിഷനും തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 79 പന്തിൽ 125 റൺസ് നേടിയ ഇഷാന്റെ ഇന്നിങ്‌സും ഇന്ത്യൻ സ്കോറിനെ 400 കടത്തുന്നതിൽ നിർണായകമായി. ഒരുഘട്ടത്തിൽ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ മറികടക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്നെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ അത് സാധ്യമായില്ല. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 418/5 ആണ് ഇന്ത്യയുടെ റെക്കോർഡ് സ്കോർ.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ (4) നഷ്ടമായെങ്കിലും തുടർന്ന് ഗില്ലും രോഹിത് ശർമയും ചേർന്ന് ഇന്നിങ്‌സ് പുനർനിർമിച്ചു. 48 റൺസ് നേടിയ രോഹിത്തിനെ റാഷിദ് ഖാൻ പുറത്താക്കി. തുടർന്ന് ഗില്ലും ഇഷാനും അഫ്ഗാൻ ബൗളർമാരെ പൂർണമായും സമ്മർദ്ദത്തിലാക്കി. ഗിൽ 77 പന്തിലും ഇഷാൻ 71 പന്തിലുമാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിലും ആധിപത്യം ഉറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, ഫാസ്റ്റ് ബൗളർ പ്രിൻസ് യാദവ് ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു. യശസ്വി ജയ്സ്വാൾ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടം നേടിയപ്പോൾ ഹർഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡി എന്നിവർ പുറത്തായി.
