സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റിയാൽ ചെന്നൈ പുതിയ പരിശീലകനെ തേടേണ്ട ആവശ്യമില്ല; ധോണി മതിയെന്ന് രവിചന്ദ്രൻ അശ്വിൻ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റിയാൽ പുതിയ പരിശീലകനെ തേടേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുൻ നായകൻ എം എസ് ധോണിയാണ് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്നാണ് അശ്വിൻ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്.

അഞ്ച് ഐപിഎൽ കിരീടങ്ങൾ ടീമിന് സമ്മാനിച്ച ധോണി ഇപ്പോഴും സി‌എസ്‌കെ ഡഗൗട്ടിന്റെ ഭാഗമാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. ടീമിന്റെ നിലവിലെ സാഹചര്യത്തിൽ ധോണിയുടെ സാന്നിധ്യവും അനുഭവസമ്പത്തും നിർണായകമാകുമെന്ന സൂചനയോടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

2009 മുതൽ സ്റ്റീഫൻ ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ മൂന്ന് സീസണുകളിലായി പ്ലേഓഫിലേക്ക് യോഗ്യത നേടാൻ സാധിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ആധുനിക ടി20 ക്രിക്കറ്റിൽ മറ്റു ടീമുകൾ അതിവേഗ റൺ വേട്ടക്കും ഹെവി ഹിറ്റിംഗിനും പ്രാധാന്യം നൽകുമ്പോൾ, സി‌എസ്‌കെ ഇപ്പോഴും പഴയ തന്ത്രങ്ങളിലാണ് ആശ്രയിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, ഡാരിൽ മിച്ചൽ എന്നിവർക്കു പോലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ സീസണിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ ഫോം നഷ്ടപ്പെട്ടത് ടോപ്പ് ഓർഡറിനെ ബാധിച്ചു. നൂർ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനങ്ങൾ ഉണ്ടായിട്ടും, ടീം ഒരു സമഗ്ര ബൗളിംഗ് യൂണിറ്റായി തിളങ്ങാൻ കഴിയുന്നില്ല. ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകളുടെ ബൗളിംഗ് മികവ് ചെന്നൈക്കില്ലെന്ന വിമർശനവും ഉയരുന്നു.

അതേസമയം, പരിക്ക് കാരണം എം എസ് ധോണി ഈ സീസണിൽ ഒരു മത്സരവും കളിക്കാത്തത് ടീമിൽ നേതൃത്വപരമായ വിടവ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക