ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ഫുട്ബോൾ ടീമിനുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അമേരിക്ക. ഇറാൻ ഉയർത്തിയ വിവേചനാരോപണങ്ങൾക്കും ഫിഫയോട് നൽകിയ പരാതിക്കും പിന്നാലെയാണ് തീരുമാനം.
ഇറാനിയൻ ഫുട്ബോൾ ഫെഡറേഷന്റെ അറിയിപ്പുപ്രകാരം, മെക്സിക്കോയിലെ ടിജുവാനയിലെ ബേസ് ക്യാമ്പിൽ നിന്ന് സംഘം ബുധനാഴ്ച സിയാറ്റിലിലേക്ക് യാത്രതിരിക്കും. വെള്ളിയാഴ്ച ഈജിപ്തിനെതിരായ ഗ്രൂപ്പ് സി മത്സരത്തിന് മുന്നോടിയായാണ് ഈ യാത്ര.
മുമ്പ് മത്സരത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഇറാനിയൻ താരങ്ങൾക്ക് അമേരിക്കയിൽ പ്രവേശനം അനുവദിച്ചിരുന്നത്. ഇതേ തുടർന്ന് ടീം തങ്ങളുടെ ബേസ് ക്യാമ്പ് അരിസോണയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റേണ്ടിവന്നിരുന്നു. കൂടാതെ നിരവധി ഉദ്യോഗസ്ഥർക്കും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും വിസ നിഷേധിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ടീമിന്റെ യാത്രാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ച ശേഷമാണ് ഒരു അധിക ദിവസം അനുവദിക്കാൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ഗ്യുലിയാനി വ്യക്തമാക്കി. അതേസമയം, മത്സരശേഷം ഇറാൻ ടീം അമേരിക്ക വിട്ടുപോകേണ്ടിവരുമെന്നും യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇറാനിയൻ ടീമിനോട് തുല്യതയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ ആരോപിച്ചിരുന്നു. യാത്രാ നിയന്ത്രണങ്ങളും വിസ തടസ്സങ്ങളും ടീമിന്റെ മത്സരസന്നാഹങ്ങളെ ബാധിക്കുന്നുവെന്നും ഫിഫ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
ഇറാൻ ടീം മാനേജറും ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ മഹ്ദി മുഹമ്മദ്നബി, എല്ലാ രാജ്യങ്ങൾക്കും ഒരേ മാനദണ്ഡങ്ങൾ ബാധകമാണെന്ന് ഫിഫ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം ശ്രദ്ധേയമാകുന്നത്.
