സംസ്ഥാന ഭരണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഡിജിറ്റൽ കാബിനറ്റ് സംവിധാനം നടപ്പാക്കാൻ അനുമതി നൽകിയത്.
ഡിജിറ്റൽ കാബിനറ്റിന്റെ ഭാഗമായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, മറ്റ് മന്ത്രിമാർ എന്നിവർക്ക് പ്രത്യേക ടാബ്‌ലെറ്റുകൾ വിതരണം ചെയ്തതായി ഐടി മന്ത്രി ഡി. ശ്രീധർ ബാബു അറിയിച്ചു. കാബിനറ്റ് യോഗങ്ങളുടെ അജണ്ടകളും അനുബന്ധ രേഖകളും ഇനി മുതൽ ഈ ടാബ്‌ലെറ്റുകൾ വഴിയായിരിക്കും മന്ത്രിമാർക്ക് ലഭ്യമാക്കുക.
കാര്യക്ഷമത, സുതാര്യത, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഡിജിറ്റൽ കാബിനറ്റ് സംവിധാനത്തിന്റെ പ്രവർത്തനം മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുകയും ചെയ്തു.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സെക്രട്ടറിമാരെയോ മറ്റ് ഉദ്യോഗസ്ഥരെയോ ക്ഷണിച്ചിരുന്നില്ല. വിവിധ ക്ഷേമപദ്ധതികളുടെ പുരോഗതിയും ഭരണകാര്യങ്ങളും മന്ത്രിമാർ ചർച്ച ചെയ്തതായാണ് വിവരം.
അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശ് ഇ-കാബിനറ്റ് സംവിധാനത്തിലേക്ക് മാറിയതിന് പിന്നാലെയാണ് തെലങ്കാനയും സമാന മാതൃക സ്വീകരിക്കുന്നത്. എവിടെയിരുന്നും ആവശ്യമായ രേഖകളിലേക്കും വിവരങ്ങളിലേക്കും സുരക്ഷിതമായി പ്രവേശിക്കാനാകുമെന്നതാണ് പുതിയ ഇ-കാബിനറ്റ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത.
