തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് ബിആർഎസ് നേതാവും തെലങ്കാന രക്ഷണ സേന സ്ഥാപകയുമായ കൽവകുന്ത്ല കവിത. ഡൽഹി മദ്യനയക്കേസിൽ ജയിലിലായിരുന്ന കാലത്ത് ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നുവെന്നും അതിനെ ശക്തമായി എതിർത്തത് താനാണെന്നും കവിത വെളിപ്പെടുത്തി.
ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കവിതയുടെ പ്രതികരണം. ബിആർഎസ് ഇപ്പോഴും നിലനിൽക്കുന്നതിന് പ്രധാന കാരണം താനാണെന്ന് അവകാശപ്പെട്ട കവിത, ജയിലിലിരിക്കെ ചില നേതാക്കൾ പാർട്ടി ബിജെപിയിൽ ലയിപ്പിക്കണമെന്ന നിർദേശവുമായി സമീപിച്ചതായും പറഞ്ഞു.
“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരുനാൾ ജാമ്യത്തിൽ പുറത്തിറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുവരെ മറ്റൊരു പാർട്ടിക്കുവേണ്ടി ബിആർഎസിനെ ബലികഴിക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ നിലനിൽപ്പിനായി ജയിലിൽ കിടക്കാനും ഞാൻ തയ്യാറായിരുന്നു,” കവിത പറഞ്ഞു.
ജയിൽ മോചിതയായ ശേഷം ചില ബിആർഎസ് നേതാക്കൾ മാധ്യമങ്ങളിലൂടെ നടത്തുന്ന വിമർശനങ്ങൾക്കും കവിത മറുപടി നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്ക് താനാണ് ഉത്തരവാദിയെന്ന ആരോപണം അവർ തള്ളി. സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള ജനങ്ങളുടെ അതൃപ്തിയായിരുന്നു തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും ആ യാഥാർഥ്യം അംഗീകരിക്കാൻ നേതൃത്വത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.
പാർട്ടിക്കുള്ളിൽ തനിക്ക് മുൻവിധിയും അവഗണനയും നേരിടേണ്ടി വന്നതായി പറഞ്ഞ കവിത, ബിആർഎസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തി. കവിതയുടെ വെളിപ്പെടുത്തലുകൾ തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
