ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന ബഹുമതി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. ഈ ചരിത്ര നാഴികക്കല്ല് പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ 4,399 ദിവസങ്ങൾ അധികാരത്തിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് ബുധനാഴ്ച നരേന്ദ്ര മോദി മറികടന്നത്. 1947 മുതൽ 1952 വരെ നെഹ്റു ഇടക്കാല സർക്കാരിനെയാണ് നയിച്ചിരുന്നത് എന്നതിനാൽ, രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന 1952 മുതലുള്ള അദ്ദേഹത്തിന്റെ കാലാവധിയാണ് ഈ താരതമ്യത്തിനായി കണക്കിലെടുത്തിട്ടുള്ളത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 വർഷത്തിലധികം രാജ്യം ഭരിച്ചിട്ടുണ്ടെങ്കിലും അവരുടെ കാലാവധി തുടർച്ചയായ ഒന്നായിരുന്നില്ല. ഇതോടെയാണ് രാജ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ‘തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട’ ഏക പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയത്.
കേന്ദ്ര സർക്കാരിന്റെ 12 വർഷത്തെ ഭരണം പൂർത്തിയാകുന്ന വേളയിൽ എക്സിലൂടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.
“രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നരേന്ദ്ര മോദിജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളുടെ നേതൃത്വത്തിൽ അർപ്പിച്ച നിലനിൽക്കുന്ന വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് ഈ നാഴികക്കല്ല്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളിൽ പ്രതീക്ഷയും പുതുക്കിയ ആത്മവിശ്വാസവും വളർത്തിയെടുക്കാൻ നിങ്ങളുടെ ഈ യാത്രയ്ക്ക് സാധിക്കുന്നു.”- രാഷ്ട്രപതി എഴുതി.
ഭരണം, സാമ്പത്തിക പ്രതിരോധശേഷി, സാമൂഹിക പരിവർത്തനം എന്നിവയിലുടനീളം ദൂരവ്യാപകമായ പുരോഗതികളാൽ മോദി സർക്കാരിന്റെ ഭരണകാലം വ്യത്യസ്തമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. മോദി സർക്കാർ നടപ്പിലാക്കിയ നിരവധി ക്ഷേമപദ്ധതികളിൽ ‘പ്രധാനമന്ത്രി ജൻമാൻ’ ‘ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ’ എന്നീ പദ്ധതികൾ തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണെന്നും രാഷ്ട്രപതി പ്രസ്താവനയിൽ പ്രത്യേകം പരാമർശിച്ചു.
2014-ൽ വൻ ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടർന്ന് 2019-ലും, തൊട്ടുപിന്നാലെ 2024-ലും തുടർച്ചയായ മൂന്നാം തവണയും ജനവിധി നേടി അദ്ദേഹം അധികാരത്തിലെത്തുകയായിരുന്നു. ‘ആത്മനിർഭർ ഭാരത്’, ‘വികസിത് ഭാരത്’ എന്നീ ലക്ഷ്യങ്ങളിലേക്ക് രാജ്യത്തെ നയിക്കാൻ പ്രധാനമന്ത്രിക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
