കെ.എസ്.ആർ.ടി.സി ബസുകളിലെ വിദ്യാർത്ഥി പാസ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി കുത്തനെ ഉയർത്തിയ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് എസ്.എഫ്.ഐ . യാതൊരു മുന്നറിയിപ്പുമില്ലാതെ നിരക്ക് പതിനൊന്നിരട്ടിയാക്കി വർദ്ധിപ്പിച്ച നടപടി കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള കടുത്ത നീതികേടും വഞ്ചനയുമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
കഴിഞ്ഞ അധ്യയന വർഷം വരെ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ വെറും 10 രൂപയ്ക്കായിരുന്നു വിദ്യാർത്ഥികൾക്ക് യാത്രാ പാസ് പുതുക്കി നൽകിയിരുന്നത്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ച് സ്കൂളുകളിലും കോളേജുകളിലും പോകുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ റദ്ദ് ചെയ്യുന്നതാണ് പുതിയ തീരുമാനമെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി.
ചാർജ് വർദ്ധന ഉടനടി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ യാത്രാവകാശ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
