രത്തൻ യു ഖേൽകറിന്റെ നിയമനം അത്യന്തം ദുരൂഹമാണെന്നും ഇതിന് പിന്നിലെ യഥാർത്ഥ ധാരണ എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു. ഞായറാഴ്ചയായ അവധി ദിനത്തിൽ അതിവേഗത്തിൽ നിയമനം നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീൽ വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് തന്നെ ബിജെപി ബന്ധം ആരോപിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും റഹീം പറഞ്ഞു. നിയമനത്തിന് പിന്നിലെ രാഷ്ട്രീയവും ഭരണപരവുമായ പശ്ചാത്തലം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് സമയത്ത് പതിനായിരത്തിലധികം സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സാധിക്കാതെ പോയത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അതിൽ അടിസ്ഥാനപരമായ സംശയങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില മണ്ഡലങ്ങളിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയ സംഭവവും വിശദമായി പരിശോധിക്കണമെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (സിഇഒ) ലഭിക്കുന്ന നിർണായക വിവരങ്ങൾ പുറത്തേക്ക് ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും റഹീം ആവശ്യപ്പെട്ടു.
എസ്‌ഐആർ പ്രക്രിയയിലെ വിവിധ ദുരൂഹതകളും പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
