പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ തുടരുന്നതിനിടയിലും ഈ വർഷത്തെ വാർഷിക ഹജ്ജ് തീർത്ഥാടനത്തിനായി 15 ലക്ഷത്തിലധികം തീർത്ഥാടകർ മക്കയിൽ എത്തിച്ചേർന്നു. ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിൽ ഒന്നായ ഹജ്ജ് ഇത്തവണയും വലിയ ഭക്തിപൂർവ്വമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്.
തീർത്ഥാടകർ ബസുകളിലൂടെയും കാൽനടയായും മിനായിലെ വിശാല ക്യാമ്പുകളിലേക്ക് എത്തിച്ചേരുകയും, മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ കബ്ബ ചുറ്റി ‘തവാഫ്’ നിർവഹിക്കുകയും ചെയ്തു. വിശുദ്ധ ചടങ്ങുകൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ വലിയ തോതിൽ എത്തിച്ചേരുകയാണ്.
സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി പ്രതിരോധ മന്ത്രാലയം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായി അറിയിച്ചു. മക്കയുടെ പരിസരപ്രദേശങ്ങളിൽ നൂതന വ്യോമ പ്രതിരോധ ബാറ്ററികൾ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാനുമായുള്ള ദുർബലമായ വെടിനിർത്തൽ നീട്ടുന്നതും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ്ന ട്രംപ് ൽകിയ മിശ്ര പ്രതികരണങ്ങൾ ഹജ്ജ് ആരംഭിക്കുന്ന സമയത്തുള്ള അന്താരാഷ്ട്ര രാഷ്ട്രീയ പശ്ചാത്തലത്തെ സ്വാധീനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സൗദി അറേബ്യയെയും സമീപ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമാക്കി നടന്ന ആക്രമണ പരമ്പരകൾക്ക് ശേഷമാണ് ഇത്തവണത്തെ ഹജ്ജ് നടക്കുന്നത്. അതേസമയം, സംഘർഷങ്ങൾ തീർത്ഥാടനത്തെ ബാധിക്കാതിരിക്കാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വിദേശ തീർത്ഥാടകർ ഹജ്ജിൽ പങ്കെടുക്കുന്നുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കി. വിശുദ്ധ സ്ഥലങ്ങളിൽ ആകാശസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ വ്യോമ ഭീഷണികളെയും നേരിടുന്നതിനും വ്യോമ പ്രതിരോധ സേന സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
