മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടൽ രാഷ്ട്രീയത്തെയും ആഡംബര സുരക്ഷയെയും കടുത്ത ഭാഷയിൽ വിമർശിച്ചും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ലളിതമായ ജനകീയ ഇടപെടലുകളെ പ്രശംസിച്ചും സംവിധായകനും നടനുമായ മേജർ രവി. അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത രീതിയെ മുൻനിർത്തി ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മുഖ്യമന്ത്രിമാർ തമ്മിലുള്ള വ്യത്യാസമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. മുൻപ് നടൻ ഇന്നസെന്റ് അന്തരിച്ച സമയത്ത് പിണറായി വിജയൻ 56 വണ്ടികളും 560 പോലീസുകാരും 10 ഫയർ ഫോഴ്സുമായി വന്ന് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ വേണമെന്നുവെച്ചാൽ ജനങ്ങൾക്ക് അയാളെ വേണ്ട എന്നല്ലേ അർത്ഥമെന്നും, കൊല്ലാൻ നടക്കുന്നു എന്ന് ഭയമുണ്ടെങ്കിൽ ആ സ്ഥാനത്ത് ഇരിക്കരുതെന്നും മേജർ രവി പരിഹസിച്ചു.
ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇപ്പോഴും ഇരുന്ന് നിരങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “‘ഉമ്മാക്കി’, ‘വിരട്ടൽ ഇങ്ങോട്ട് എടുക്കണ്ട’ എന്നൊക്കെ പറയുന്നത് പാർലമെന്ററി ഭാഷയല്ല, വെറും ഗുണ്ടാ ഭാഷയാണ്. ആ കാലമൊക്കെ മാറി. വോട്ട് ചെയ്ത് അധികാരത്തിലേറ്റിയെങ്കിൽ ജനങ്ങളുടെ വേലക്കാരാണ് ഭരണാധികാരികൾ. അതാണ് വി.ഡി. സതീശൻ കാണിച്ചുതരുന്നത്.”- പറഞ്ഞു.
ഒരു പൊങ്ങച്ചവുമില്ലാതെ വെറുമൊരു വണ്ടിയുമായി വന്ന് സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത വി.ഡി. സതീശന്റെ രീതി മാതൃകാപരമാണെന്ന് മേജർ രവി പറഞ്ഞു. സലീം കുമാറിന്റെ വീട്ടിൽ വെച്ച് തനിക്ക് ഷോൾ ഇടാൻ വന്നയാളെ തടഞ്ഞതും മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങിയതും സതീശന്റെ നല്ല സ്വഭാവത്തിന്റെ തെളിവാണ്. ചിരിച്ച മുഖത്തോടെ, നല്ല രീതിയിൽ ജനങ്ങളോട് ഇടപെടുന്ന വി.ഡി. സതീശൻ നല്ലൊരു മുഖ്യമന്ത്രിയാണെന്നും അത് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെയെന്നും മേജർ രവി വ്യക്തമാക്കി.
