മമതയ്ക്കും അഭിഷേകിനും കനത്ത തിരിച്ചടി; തൃണമൂലിൽ വൻ പിളർപ്പ്, 20 എം.പിമാർ എൻ.ഡി.എയിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പ്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും നേതൃത്വത്തെ പൂർണ്ണമായി തള്ളിക്കൊണ്ട് ആകെയുള്ള 28 എം.പിമാരിൽ 20 പേർ പാർട്ടി വിട്ടു. മുതിർന്ന നേതാവ് കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിലുള്ള വിമത സംഘം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമാകാൻ ഔദ്യോഗികമായി തീരുമാനിച്ചു.

തൃണമൂൽ പാർലമെന്ററി പാർട്ടിയുമായുള്ള ബന്ധം പൂർണ്ണമായി വേർപെടുത്തുകയാണെന്നും സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 20 എം.പിമാർ ഒപ്പിട്ട കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചു കഴിഞ്ഞു. മമതയും അഭിഷേകും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ ഉള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഭരണകൂടത്തെ സാക്ഷിയാക്കി ഈ നിർണ്ണായക രാഷ്ട്രീയ അട്ടിമറി അരങ്ങേറിയത്.

കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഭൂപേന്ദർ യാദവിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന അതീവ രഹസ്യ യോഗത്തിലാണ് പാർട്ടി പിളർത്താനുള്ള അന്തിമ തീരുമാനമുണ്ടായത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും വസതിയിലെത്തി വിമത എം.പിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി തുടർനടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.

യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച തൃണമൂൽ വിമത എം.പി ശർമ്മിള സർക്കാർ നീക്കം സ്ഥിരീകരിച്ചു. ബംഗാളിന്റെ യഥാർത്ഥ വികസനത്തിനായി കേന്ദ്രത്തിലെ എൻ.ഡി.എ മുന്നണിയെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷിക്കാനോ അത് അംഗീകരിക്കാനോ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് വിമതരുടെ പ്രധാന ആക്ഷേപം.

നേരത്തെ ബംഗാൾ നിയമസഭയിൽ 58 എം.എൽ.എമാർ ഒപ്പിട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക നാമനിർദ്ദേശത്തെ മറികടന്ന് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി സ്പീക്കറുടെ അംഗീകാരം നേടിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഡൽഹിയിലും മമതയെ ഞെട്ടിച്ചുകൊണ്ട് പാർലമെന്ററി പാർട്ടിയിൽ 20 എം.പിമാർ സ്പീക്കർക്ക് നേരിട്ട് കത്ത് നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക