സഞ്ജുവോ അഭിഷേകോ മാറിനിൽക്കട്ടെ, വൈഭവിനെ ഉടൻ കളിപ്പിക്കണം: സുനിൽ ഗാവസ്കർ

പതിനഞ്ചുകാരൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഉടൻ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. നിലവിൽ ടി20 ടീമിൽ സഞ്ജു സാംസൺ – അഭിഷേക് ശർമ്മ സഖ്യം ഓപ്പണർമാരായി തിളങ്ങിനിൽക്കുന്നുണ്ടെങ്കിലും, വൈഭവിന്റെ അരങ്ങേറ്റത്തിനായി ഒട്ടും വൈകരുതെന്നാണ് ഗാവസ്കറുടെ നിലപാട്.

ഐപിഎല്ലിൽ (IPL) 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതോടെയാണ് വൈഭവിനെ ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. താനായിരുന്നു തീരുമാനമെടുക്കേണ്ടതെങ്കിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ വൈഭവിനെ ഉറപ്പായും കളിപ്പിക്കുമെന്നും, ഈ യുവപ്രതിഭയുടെ കളി കാണാനായി ഒരു മത്സരത്തിൽ സഞ്ജു സാംസണോ അഭിഷേക് ശർമ്മയോ മാറിനിൽക്കുന്നതിൽ തെറ്റില്ലെന്നും ഗാവസ്കർ വ്യക്തമാക്കി.

നിലവിൽ ശ്രീലങ്ക എ ടീമിനെതിരായ മത്സരങ്ങൾക്കായി ഇന്ത്യ എ ടീം ക്യാമ്പിലാണ് വൈഭവ്. വിദേശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ താരത്തെ സഹായിക്കുന്നതിനായി പിതാവ് സഞ്ജീവും ഒപ്പമുണ്ട്. ബിസിസിഐ ആണ് ഇതിന്റെ ചെലവുകൾ വഹിക്കുന്നത്.

ജൂൺ ഒൻപതിന് ദാംബുള്ളയിൽ ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾക്ക് ശേഷം, ജൂൺ 26 മുതലാണ് ഇന്ത്യയുടെ അയർലൻഡ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ജൂലൈ ഒന്നു മുതൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കും. ഈ വിദേശ പരമ്പരകളിൽ ഏതിലായിരിക്കും വൈഭവ് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുകയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

മറുപടി രേഖപ്പെടുത്തുക