എ.ഐ. രംഗത്തേക്ക് ചുവടുവെക്കാൻ അനിൽ അംബാനി; റിലയൻസ് ഇൻഫ്രാ ഓഹരികൾക്ക് വൻ ഡിമാൻഡ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി വ്യവസായി അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ . തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

ഈ പുതിയ ദൗത്യത്തിനായി റിലയൻസ് ഇൻഫ്ര തങ്ങളുടെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളുടെ പേരുകൾ യഥാക്രമം മാറ്റിക്കഴിഞ്ഞു: റിലയൻസ് AI വേൾഡ് പ്രൈവറ്റ് ലിമിറ്റഡ്,,റിലയൻസ് AI അപ്പെക്സ് പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് AI വൺ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങിനെയാണിത്.

എ.ഐ. മേഖലയിലേക്കുള്ള പ്രവേശന വാർത്ത പുറത്തുവന്നതോടെ റിലയൻസ് ഇൻഫ്ര ഓഹരികൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെട്ടത്. കമ്പനിയുടെ ഓഹരി വില ബി.എസ്.ഇ.യിൽ 5 ശതമാനം ഉയർന്ന് 86.17 രൂപയെന്ന അപ്പർ സർക്യൂട്ടിലെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ 80 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരി, കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തിലധികം നേട്ടമുണ്ടാക്കി ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്.

കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങളും മികച്ചതാണ്. 2026 മാർച്ചിൽ അവസാനിച്ച പാദത്തിൽ 918 കോടി രൂപയുടെ അറ്റാദായവും 4,001 കോടി രൂപയുടെ വരുമാനവും കമ്പനി കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 2,900 കോടി രൂപയുടെ ലാഭവും 20,440 കോടി രൂപയുടെ വരുമാനവുമാണ് റിലയൻസ് ഇൻഫ്ര രേഖപ്പെടുത്തിയത്.

എ.ഐ. പദ്ധതികളിലേക്ക് എത്ര തുക നിക്ഷേപിക്കുമെന്നോ, ഇതിന്റെ കൃത്യമായ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്നോ ഉള്ള വിശദാംശങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് വിപണി വൃത്തങ്ങൾ.

മറുപടി രേഖപ്പെടുത്തുക