ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിഎൻഎസ് 111(3), 111(4) വകുപ്പുകൾ പ്രകാരമാണ് നടപടി. ഹൈവേ കവർച്ചയ്ക്കുള്ള ഗൂഢാലോചനയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. അർജുനെ ഉടൻ കോടതിയിൽ ഹാജരാക്കും.
ഇന്ന് രാവിലെയാണ് കോതമംഗലം പൊലീസ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ എത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി കോതമംഗലത്ത് എത്തിയ സംഘം ഒരു റിസോർട്ടിൽ താമസിച്ചിരുന്നതായും, അവർ സഞ്ചരിച്ച മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തതായും അറിയുന്നു.
വിവാഹ ചടങ്ങിനിടെ അർജുനും സുഹൃത്തുക്കളും നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോതമംഗലത്തേക്കുള്ള ഇവരുടെ വരവിനെ ചുറ്റിപ്പറ്റിയ ദുരൂഹതകളെ അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
