ബി.ജെ.പി വിട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ച കെ. അണ്ണാമലൈയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരാൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മരുമകനും നടനുമായ വിശാഖൻ വണങ്കാമുടി ഒരുങ്ങുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവും പ്രമുഖ ഫാർമ കമ്പനി ഡയറക്ടറുമാണ് വിശാഖൻ. തമിഴ്നാട്ടിൽ അണ്ണാമലൈയ്ക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന രാഷ്ട്രീയ സൂചനകൾ ശക്തമാകുന്നതിനിടയിലാണ് മരുമകന്റെ ഈ പുതിയ ചുവടുവെപ്പ്.
ഇക്കഴിഞ്ഞ ജൂൺ 5-നാണ് കെ. അണ്ണാമലൈ ബി.ജെ.പിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. തൊട്ടുപിന്നാലെ ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ അദ്ദേഹം പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു. പാർട്ടി പ്രഖ്യാപിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ഏകദേശം 14 ലക്ഷത്തോളം (13,85,763) ആളുകളാണ് ഇതിനകം സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തത്.
2020-ൽ സിവിൽ സർവീസ് ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്ന അണ്ണാമലൈ, ചുരുങ്ങിയ കാലം കൊണ്ട് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ഉയർന്നിരുന്നു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, സാധാരണക്കാരെയും യുവാക്കളെയും പുതിയ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു.
