ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി.
അതേസമയം, യുവജനങ്ങളുമായും ജെൻ-സി വിഭാഗവുമായും നേരിട്ട് സംവദിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷൻ ആരംഭിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്കും യുവ ഉപയോക്താക്കൾക്കും തനിക്കൊപ്പം നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
“വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തും ചോദിക്കൂ. കഴിയുന്നത്ര ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാൻ ശ്രമിക്കും,” എന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ചോദ്യങ്ങൾ സമർപ്പിക്കാനാവുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
യുവജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ദേശീയ രാഷ്ട്രീയ നേതാക്കൾ സമൂഹമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പുതിയ നീക്കം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി യുവാക്കളുമായി കൂടുതൽ സംവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ കേന്ദ്ര മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.
