നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വികസിത നേമത്തേക്ക്” സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലൂടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നേരിട്ട് മനസ്സിലാകുമെന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെയുള്ള യാത്രയിൽ പുതുതായി ആരംഭിച്ച ചാല ഐടിഐ, സംസ്ഥാന സർക്കാർ നിർമ്മിച്ച എസ്.എസ്.കെ സ്റ്റേറ്റ് ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, സ്‌കോൾ കേരള ഓഫീസ് തുടങ്ങി നേമത്തിലെ വിവിധ വികസന നേട്ടങ്ങൾ പ്രധാനമന്ത്രിക്ക് കാണാനാകുമെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, വികസന നേട്ടങ്ങളോടൊപ്പം കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങളും മന്ത്രി ഉന്നയിച്ചു. സർവ ശിക്ഷാ കേരളം പദ്ധതിക്കായി നൽകേണ്ട 1500 കോടി രൂപയുടെ കുടിശിക കേന്ദ്രം അനുവദിക്കാത്തതിനെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തോടുള്ള ഈ വിവേചനത്തിന്റെ കാരണം തന്റെ സന്ദർശനത്തിനിടെ വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
