മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറിനിൽക്കണമെന്ന ആവശ്യം കോൺഗ്രസിനകത്ത് ശക്തമാകുന്നു. കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു.
“കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റാണ്”, “എംപിയും എംഎൽഎയും സ്വന്തം മണ്ഡലങ്ങൾ ശ്രദ്ധിക്കട്ടെ” തുടങ്ങിയ സന്ദേശങ്ങളാണ് ഫ്ലക്സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘കോൺഗ്രസ് പ്രവർത്തകർ’ എന്ന പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് പുതിയ മുഖത്തെ കൊണ്ടുവരണമെന്ന ചർച്ചകൾ സജീവമായത്. ഒരു വ്യക്തി മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരേസമയം വഹിക്കുന്നത് സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട്.
അതേസമയം, മന്ത്രിമാരായ കെപിസിസി ഭാരവാഹികളെയും സംഘടനാ ചുമതലകളിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ചും പാർട്ടിക്കുള്ളിൽ ആലോചന പുരോഗമിക്കുകയാണ്. ഭരണത്തിനും സംഘടനാ പ്രവർത്തനങ്ങൾക്കും പ്രത്യേകം ശ്രദ്ധ നൽകാൻ കഴിയുന്ന നേതൃത്വമാണ് പാർട്ടിക്ക് ആവശ്യമെന്നാണ് വിലയിരുത്തൽ.
പാർട്ടി പുനഃസംഘടനയുടെ ഭാഗമായി 55 വയസ്സിന് താഴെയുള്ള നേതാക്കളെ കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും ശക്തമാണ്. ഭരണകാലയളവിൽ സംഘടനയെ സജീവമാക്കാനും പ്രവർത്തകരുമായി നേരിട്ട് ഇടപെടാനും കഴിയുന്ന യുവ നേതാക്കളെ കെപിസിസിയുടെയും ഡിസിസികളുടെയും നേതൃത്വത്തിലേക്ക് ഉയർത്തണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
മന്ത്രിസഭ രൂപീകരണത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയ മാതൃക തന്നെ പാർട്ടി സംഘടനാ പുനഃസംഘടനയിലും പിന്തുടരാനാണ് നേതൃത്വത്തിന്റെ ആലോചന. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും ജില്ലാ നേതൃത്വങ്ങളിലേക്കും പുതിയ മുഖങ്ങൾ എത്താനുള്ള സാധ്യതകൾ ചർച്ചയാകുകയാണ്.
