താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. നിലവിലെ ഭാരവാഹികൾ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് അവിശ്വാസ പ്രമേയവും അവതരിപ്പിച്ചു.
നേതൃത്വത്തിന്റെ വീഴ്ചകളാണ് സംഘടനയെ വിവാദങ്ങളിലേക്ക് തള്ളിവിട്ടതെന്ന് അംഗങ്ങൾ ആരോപിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തമ്മിലുണ്ടായ ഭിന്നതകളും തർക്കങ്ങളും പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.
തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് നിലവിലെ നേതൃത്വം സ്ഥാനമൊഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങളും ജനറൽ ബോഡിയിൽ ഉയർന്നു.
എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന ‘മനോരമ ഷോ’ ഈ കാലയളവിൽ നടത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളാണ് പരിപാടി നടക്കാതിരുന്നതിനും വിവാദങ്ങൾ രൂക്ഷമാകുന്നതിനും കാരണമെന്നാണ് ആരോപണം.
ജനറൽ ബോഡി യോഗം വർഷങ്ങളായി സൗജന്യമായി ലഭിച്ചിരുന്ന ഗോകുലം കൺവെൻഷൻ സെന്ററിന് പകരം നാലര ലക്ഷം രൂപ ചെലവഴിച്ച് ചിറ്റിലപ്പിള്ളി സ്ക്വയറിൽ സംഘടിപ്പിച്ചതിന്റെ ആവശ്യകതയും അംഗങ്ങൾ ചോദ്യം ചെയ്തു.
സംഘടനയുടെ ചട്ടപ്രകാരം ജനറൽ ബോഡിക്ക് ശേഷം 21 ദിവസത്തിനകം വാർഷിക റിപ്പോർട്ടും കണക്കുകളും തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ടെന്നും, ഈ നടപടികൾ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
അതുപോലെ, ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ട വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും യോഗത്തിന് ദിവസങ്ങൾ മുമ്പ് അംഗങ്ങൾക്ക് കൈമാറണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ലെന്ന് അവിശ്വാസ പ്രമേയത്തിൽ ആരോപിക്കുന്നു.
സംഘടനയുടെ പ്രവർത്തനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ സുതാര്യത വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ, ‘അമ്മ’യുടെ നേതൃത്വത്തിനെതിരായ വിമർശനങ്ങൾ കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.
